ബജ്‌റംഗ് ദളിനെ എതിർത്ത 'മുഹമ്മദ് ദീപക്കി'നെതിരായ നിയമ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഒരു മുസ്‌ലിമായ കടയുടമയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തവെയാണ് ജിം ട്രെയിനറായ ദീപക്ക് ശ്രദ്ധേയനായത്

ബജ്‌റംഗ് ദളിനെ എതിർത്ത 'മുഹമ്മദ് ദീപക്കി'നെതിരായ നിയമ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ സംഘടനായ ബജ്‌റംഗ് ദളിനെ നേരിട്ട 'മുഹമ്മദ് ദീപക്ക്' എന്ന പേരില്‍ പ്രശസ്തനായ ദീപക്ക് കുമാറിനെതിരായ നിയമ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ചോദ്യം ചെയ്തുകൊണ്ട് ദീപക് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും, ആ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുകയും ചെയ്യുകയായിരുന്നു. ഈ കേസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതില്‍ നിന്നോ പരസ്യപ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നോ ദീപക്കിനെ വിലക്കിക്കൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവും കോടതി സ്റ്റേ ചെയ്തു.

ബജ്‌റംഗ് ദൾ പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ദീപക്കിന്റെ കാര്യത്തില്‍ മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരം ഒരു വിധി വന്നിരിക്കുന്നത്. മുസ്‌ലിമായ ഒരു കടയുടമയെ ബജ്‌റംഗ് ദൾ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തവെയാണ് ജിം ട്രെയിനറായ ദീപക്ക് ശ്രദ്ധേയനായത്. നിന്റെ പേരെന്താണെന്ന് ആക്രമികള്‍ ചോദിച്ചപ്പോള്‍ ഹിന്ദുമത വിശ്വാസിയായ അദ്ദേഹം 'മുഹമ്മദ് ദീപക്ക്' എന്ന് പറഞ്ഞതോടെ സംഭവം ലോക ശ്രദ്ധ നേടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും മുഹമ്മദ് ദീപക്കിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു. ഇത് വര്‍ഗീയ സംഘര്‍ഷങ്ങളെയും മതപരമായ ധ്രുവീകരണത്തെയും കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ദീപക്കിനും അദ്ദേഹത്തിന്റെ സഹായി വിജയ് റാവത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. മനഃപൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മനഃപൂര്‍വമായ അപമാനിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, കടയുടമയ്ക്കുനേരെയുണ്ടായ ഉപദ്രവം തടയാനാണ് താന്‍ ഇടപെട്ടതെന്നും, തനിക്കെതിരായ ഈ ക്രിമിനല്‍ കേസ് പ്രതികാരനടപടിയുടെ ഭാഗമാണെന്നും ദീപക് കോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന്, കോട്ദ്വാരയിലുള്ള ദീപക്കിന്റെ ജിമ്മിനും വീടിനും മുന്നില്‍ ബജ്‌റംഗ് ദൾ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെ വിവാദം കൂടുതല്‍ രൂക്ഷമായി. എഫ്ഐആര്‍ റദ്ദാക്കണമെന്നും, വിദ്വേഷ പ്രസംഗത്തിനും ഭീഷണിപ്പെടുത്തലിനും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ദീപക് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനം പക്ഷവാദപരമാണെന്ന അരോപണമുയര്‍ന്നിരുന്നു. പിന്നാലെ സുപ്രീം കോടതിയില്‍ ദീപക്ക് സമീപിച്ചതിലാണ് ഇപ്പോള്‍ അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

Content Highlights: The Supreme Court has stayed further proceedings in an FIR against Deepak Kumar, popularly known as ‘Mohammed Deepak’. The court issued notice on his petition challenging the FIR and also stayed an Uttarakhand High Court order restricting his social media posts and public statements concerning the case.

dot image
To advertise here,contact us
dot image