ബേപ്പൂർ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; UDF വോട്ട് ചോര്‍ച്ചയില്‍ കണക്ക് നിരത്തി പി വി അന്‍വര്‍

ബേപ്പൂര്‍ മേഖലയിലെ യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നുവെന്ന് അന്‍വര്‍ ആവർത്തിച്ചു

ബേപ്പൂർ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; UDF വോട്ട് ചോര്‍ച്ചയില്‍ കണക്ക് നിരത്തി പി വി അന്‍വര്‍
dot image

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. അന്‍വര്‍ ബേപ്പൂരിലെ ഫിറ്റ് സ്ഥാനാര്‍ത്ഥിയാണെന്നും യുഡിഎഫ് വിജയത്തിന് പ്രവര്‍ത്തകരുടെ അധ്വാനം പോലെ തന്നെ അന്‍വറും കൂടി പ്രയത്നിച്ചിട്ടുണ്ടെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ബേപ്പൂരിലേക്ക് അന്‍വറിനെ ക്ഷണിച്ചത് താനും ജയന്തും എന്‍ വിജയകൃഷ്ണനും ചേര്‍ന്നാണെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

അതേസമയം, ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് വോട്ട് ചോർച്ച ആരോപണത്തിൽ പിടിമുറുക്കുകയാണ് അൻവർ. ഏഴ് ഡിവിഷനുകളിലെ വോട്ട് കണക്കുകള്‍ നിരത്തിയ അൻവർ ബേപ്പൂര്‍ മേഖലയിലെ യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നുവെന്ന് ആവർത്തിച്ചു. ചെറുവണ്ണൂർ നല്ലളം മേഖലയിലെ കണക്കുകൾ നാളെ പങ്കുവെയ്ക്കാമെന്നും അൻവർ അറിയിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തിൽ എൽഡിഎഫ് 20,430 വോട്ടുകൾ ഈ ഏഴ് ഡിവിഷനുകളിൽ നിന്നും സമാഹരിക്കും എന്നും യുഡിഎഫിന് 16,134 വോട്ടുകൾ നേടാനാകും എന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ കണക്ക്. ഇതിൽ നിന്നും 681 വോട്ടുകൾ കുറവായാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ തനിക്ക് ലഭിച്ചത് എന്നും ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഈ കണക്കിൽ നിന്നും 913 വോട്ടുകൾ കൂടുതൽ രേഖപ്പെടുത്തിയെന്നും അൻവർ ചൂണ്ടിക്കാട്ടി. ഏഴായിരത്തിലധികം വോട്ടുകൾക്ക് മാത്രമാണ് പരാജയം എന്നിരിക്കെ, ആയിരത്തോളം വോട്ടുകളുടെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ലെന്നും അൻവർ കുറിച്ചു.

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോഴിക്കോട് കോര്‍പ്പറേഷനിലെ 41 മുതല്‍ 54 വരെയുള്ള 14 ഡിവിഷനുകളാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.ഇതില്‍ 48 മുതല്‍ 54 വരെയുള്ള ഏഴ് ഡിവിഷനുകള്‍ ബേപ്പൂര്‍ മേഖലയിലാണ്. ഈ ഏഴു ഡിവിഷനുകളില്‍ 49 ആമത്തെ ഡിവിഷനായ ബേപ്പൂര്‍ ഒഴികെ ആറെണ്ണവും ഇടതുപക്ഷത്തിന്റേതാണ്.49 ആമത്തെ ഡിവിഷന്‍ എന്‍ഡിഎയും.യുഡിഎഫിന്റെതായി ഒരു ഡിവിഷനും ബേപ്പൂര്‍ മേഖലയില്‍ ഇല്ല എന്ന് ചുരുക്കം.

ഈ ഏഴു ഡിവിഷനുകളില്‍ നിന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 21343 വോട്ടുകള്‍ ആണ്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് 15453 വോട്ടുകളും നേടാന്‍ സാധിച്ചു.അതായത് 5890 വോട്ടിന്റെ ഭൂരിപക്ഷമാണ് ബേപ്പൂര്‍ മേഖലയില്‍ എല്‍ഡിഎഫിന് നേടാനായത്.2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 14000വോട്ടുകളോളം ആയിരുന്നു.

2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍,എല്‍ഡിഎഫിന് 17244 വോട്ടും യുഡിഎഫിന് 11664 വോട്ടും ആണ് നേടാനായത്.5580 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തില്‍ എല്‍ഡിഎഫ് 20430 വോട്ടുകള്‍ ഈ ഏഴ് ഡിവിഷനുകളില്‍ നിന്നും സമാഹരിക്കും എന്നും,യുഡിഎഫ് ന് 16134 വോട്ടുകള്‍ നേടാനാകും എന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്ക്. തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കില്‍ നിന്നും 681 വോട്ടുകള്‍ കുറവായാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് ലഭിച്ചത്.ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഈ കണക്കില്‍ നിന്നും 913 വോട്ടുകള്‍ കൂടുതല്‍ രേഖപ്പെടുത്തി.ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയം എന്നിരിക്കെ,ആയിരത്തോളം വോട്ടുകളുടെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ല.

ഏഴു ഡിവിഷനുകളില്‍ ഒന്നു പോലും യുഡിഎഫിന്റെതായി ഇല്ലാത്ത ഒരിടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ച ഭൂരിപക്ഷത്തില്‍ നിന്നും 8000 ത്തോളം വോട്ടുകള്‍ കുറക്കാന്‍ ഈ മേഖലയില്‍ യുഡിഎഫിന് സാധിച്ചു എന്നത് വ്യക്തമാക്കുന്നത് ഇടതുപക്ഷത്തു നിന്നും കണക്കില്ലാത്ത വോട്ടുകള്‍ യുഡിഎഫിനായി രേഖപ്പെടുത്തി എന്നത് തന്നെയാണ്.

ഇടതുപക്ഷ കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്.സംസ്ഥാനത്തൊട്ടാകെ ഇടതുപക്ഷ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച സാഹചര്യം നമുക്ക് അറിയാവുന്നതാണല്ലോ.ബേപ്പൂരിലും ഇതുതന്നെ സംഭവിച്ചു ഇടതുപക്ഷത്തു നിന്നും വോട്ടുകള്‍ കൃത്യമായി യുഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടായി.

ബേപ്പൂര്‍ മേഖലയിലും യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വലിയതോതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് ലഭിച്ച സാഹചര്യം ഉണ്ടായപ്പോള്‍ പ്രത്യക്ഷത്തില്‍ ഈ ചോര്‍ച്ച കാണാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. ചെറുവണ്ണൂര്‍ നല്ലളം മേഖലയിലെ കണക്കുകളുമായി നാളെ കാണാം…

Content Highlights: Congress has formed a committee to study its defeat in Beypore, while PV Anvar claims a significant shift of LDF votes to the UDF helped narrow the margin despite a decline in UDF votes in the region

dot image
To advertise here,contact us
dot image