

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതില്‍ കടുത്ത വിമര്‍ശനവുമായി എം വിജിന്‍ എംഎല്‍എ. കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാർ ആര്‍എസ്എസ് രചനയുടെ ഗായക സംഘമായി മാറിയിരിക്കുന്നുവെന്ന് വിജിന്‍ കുറ്റപ്പെടുത്തി. പൂര്‍ണമായും സംഘപരിവാര്‍ അജണ്ടയ്ക്ക് ഈ സര്‍ക്കാർ കീഴടങ്ങിയെന്നും മലയാളികള്‍ക്ക് തന്നെ അപമാനമായി മാറുകയാണെന്നും വിജിൻ വിമർശിച്ചു.
'കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തന്നെയാണ് ഈ സർക്കാർ ചോദ്യം ചെയ്യുന്നത്. ഓണത്തെപ്പോലും അംഗീകരിക്കാതെ ബ്രാഹ്മണിസത്തിന്റെ വാമനജന്തി മാത്രം അംഗീകരിക്കുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്. നാടിന്റെ മതേതര പാരമ്പര്യത്തിന് വിള്ളൽ വീഴ്ത്തുകയാണ് ഇവരുടെ ലക്ഷ്യം. അതിനാണ് മുസ്ലീം ലീഗ് കൂടി ഉൾപ്പെടുന്ന യുഡിഎഫ് സർക്കാർ കുടപിടിക്കുന്നത്. നട്ടെല്ല് വളച്ച് ആർഎസ്എസിന് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ഒരു ഭരണസംവിധാനത്തെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്', എന്നും വിജിൻ രൂക്ഷഭാഷയിൽ വിമർശിച്ചു.
ഉപരാഷ്ട്രപതിയും ഗവർണറും പങ്കെടുക്കുന്ന പരിപാടികളിൽ പ്രോട്ടോക്കോൾ പ്രകാരം വന്ദേമാതരം ആലപിക്കാതെ പറ്റില്ലയെന്ന് പറഞ്ഞ് മന്ത്രി പി സി വിഷ്ണുനാഥ് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിജിൻ വിമർശിച്ചു. വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് തടയുന്നത് മാത്രമാണ് നിയമപരമായി ശിക്ഷാർഹമായിട്ടുള്ളത്. ഭരണഘടനാ പ്രകാരം ഇപ്പോഴും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. മുഴുവനായി ആലപിക്കണമെന്ന് ഒരു നിയമവും ഇതുവരെയും ഇന്ത്യയിൽ ഇല്ലെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
വിജിൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് ഔദ്യോഗിക പരിപാടികളാണ് ഉണ്ടായത്. ഉത്രട്ടാതി വള്ളം കളിയും, സംസ്ഥാന ഓണം വാരാഘോഷവും. രണ്ട് പരിപാടികളിലും വന്ദേമാതരം പൂര്‍ണമായും ആലപിച്ചിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. പൂര്‍ണമായും സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴടങ്ങിയ ഈ സര്‍ക്കാര്‍ മലയാളികള്‍ക്ക് തന്നെ അപമാനമായി മാറുകയാണ്. കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തന്നെയാണ് ഈ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്.
മാനുഷരെല്ലാരും ഒന്നിച്ച് ജീവിക്കണമെന്ന സന്ദേശം ഉയര്‍ത്തി മലയാളികള്‍ ലോകമെമ്പാടും ആഘോഷിക്കുന്ന നമ്മുടെ ദേശീയ ഉത്സവമാണ് ഓണം. ആ ഓണത്തെപ്പോലും അംഗീകരിക്കാതെ ബ്രാഹ്മണിസത്തിന്റെ വാമനജന്തി മാത്രം അംഗീകരിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. നാടിന്റെ മതേതര പാരമ്പര്യത്തിന് വിള്ളല്‍ വീഴ്ത്തുകയാണ് ഇവരുടെ ലക്ഷ്യം. അതിനാണ് മുസ്ലീം ലീഗ് കൂടി ഉള്‍പ്പെടുന്ന യുഡിഎഫ് സര്‍ക്കാര്‍ കുടപിടിക്കുന്നത്. നട്ടെല്ല് വളച്ച് ആര്‍എസ്എസിന് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഒരു ഭരണസംവിധാനത്തെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ മതേതരത്വത്തിന് എതിരാണെന്ന് കണ്ട് ആദ്യ രണ്ട് ചരണത്തിനപ്പുറം ഭരണഘടന പോലും അംഗീകരിക്കാത്ത വന്ദേമാതരം ആര്‍എസ്എസ് മാത്രമാണ് കൊണ്ടുനടക്കുന്നത്. ഉപരാഷ്ട്രപതിയും ഗവര്‍ണറും പങ്കെടുക്കുന്ന പരിപാടികളില്‍ പ്രോട്ടോക്കോള്‍ പ്രകാരം വന്ദേമാതരം ആലപിക്കാതെ പറ്റില്ല എന്ന് മന്ത്രി പറഞ്ഞതായി കണ്ടു. ഭരണഘടനാ പദവിയില്‍ ഇരുന്ന് ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് മന്ത്രിയേ.. വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് തടയുന്നത് മാത്രമാണ് നിയമപരമായി ശിക്ഷാര്‍ഹമായിട്ടുള്ളത്. ഭരണഘടനാ പ്രകാരം ഇപ്പോഴും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. മുഴുവനായി ആലപിക്കണമെന്ന് ഒരു നിയമവും ഇതുവരെയും ഇന്ത്യയില്‍ ഇല്ല. അതുകൊണ്ട് തന്നെ ഒരു സംസ്ഥാന സര്‍ക്കാരിനും അത് മുഴുവനായി ആലപിക്കേണ്ട ഉത്തരവാദിത്തമില്ല. ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നത് മാത്രമാണ് കുറ്റകരം. ഈ നിയമത്തിന്റെ മറവില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന് പ്രചരിപ്പിക്കുന്ന ആര്‍എസ്എസ് അജണ്ട, കേരളത്തിന്റെ മണ്ണില്‍ നിന്നുകൊണ്ട് അതേപടി ഏറ്റുപാടാന്‍, ഈ ഗവണ്‍മെന്റിന് ലജ്ജയില്ലേ..?
Content Highlights: CPI(M) MLA M Vijin criticised the UDF government for the full rendition of Vande Mataram at Kerala’s Onam celebrations, alleging that the government was giving in to the RSS agenda