സമ്പാദ്യമായി വീട്ടിൽ സൂക്ഷിച്ച 20,000 ദിനാർ മൂല്യം വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു

സമ്പാദ്യമായി വീട്ടിൽ സൂക്ഷിച്ച 20,000 ദിനാർ മൂല്യം വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി
dot image

കുവൈറ്റില്‍ 20,000 ദിനാര്‍ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കുവൈറ്റിലെ ഹവല്ലിയില്‍ വനിതാ ഡോക്ടറുടെ വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 20,000 ദിനാര്‍ (6182368.58 ഇന്ത്യന്‍ രൂപ) മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണ സംഘം കവര്‍ന്നത്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ സൂക്ഷിച്ച സ്വര്‍ണം മോഷണം പോയത് മനസിലായത് എന്ന് ഡോക്ടര്‍ പറഞ്ഞു. ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തുകയും ചെയ്ത് പരിശോധനകള്‍ നടപടികള്‍ സ്വീകരിച്ചു.

സ്വര്‍ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഒരു സമ്പാദ്യമായിട്ടാണ് താന്‍ ആഭരണങ്ങള്‍ വാങ്ങി സൂക്ഷിച്ചിരുന്നതെന്ന് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും പൊലീസ് വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. താന്‍ ആരെയും സംശയിക്കുന്നില്ലെന്ന് പരാതിക്കാരി പറഞ്ഞു. വീടിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും അവിടെ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ചും കൃത്യമായ അറിവുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് അന്വേഷണ സംഘം അന്വേഷിച്ച് വരികയാണ്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയുമായി അടുപ്പമുള്ളവരെയും വീട്ടുജോലിക്കാരേയും കേന്ദ്രീകരിച്ചും ചോദ്യം ചെയ്യല്‍ നടക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഫോറന്‍സിക് പരിശോധനകളില്‍ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Content Highlight: Gold jewellery valued at around 20,000 Kuwaiti dinars was reported missing from a residence in Kuwait, prompting an investigation by authorities.

dot image
To advertise here,contact us
dot image