

മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തുന്ന ഗവേഷക അനഘ അനിശ്ചിതകാല നിരഹാര സമരത്തിലേക്ക്. അടുത്ത മാസം അഞ്ച് മുതൽ നിരാഹാര സമരം തുടങ്ങാനാണ് തീരുമാനം. സമരം രണ്ടാഴ്ച പിന്നിടുമ്പോഴും ആവശ്യങ്ങളിൽ സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്നാണ് ആരോപണം. എസ്‌സി- എസ്ടി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലും അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും അനഘ പറയുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നുവെന്ന് അനഘ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
ജാതി-വർണ്ണ വിവേചനം, മാനസിക പീഡനം, അധികാര ദുർവിനിയോഗം, ഗവേഷണവുമായി ബന്ധമില്ലാത്ത ജോലികൾ ചെയ്യിപ്പിക്കൽ, പ്രതികാര ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട് ഡോ. അരുൺ ബാബു വി, ഡോ. ജൈനി വർഗീസ് എന്നിവർക്കെതിരെ SC/ST നിയമപ്രകാരമുള്ള അറസ്റ്റ് നടപടി പൂർത്തിയാക്കുക, രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന അനഘയുടെ ഡോക്ടറൽ കമ്മിറ്റി യോഗം ഉടൻ നടത്തുക എന്നിവയാണ് അനഘയുടെ പ്രധാന ആവശ്യങ്ങൾ.
ഗവേഷണത്തിനാവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ, ലൈബ്രറി, അക്കാദമിക് മാർഗനിർദ്ദേശം എന്നിവ യാതൊരു തടസ്സവുമില്ലാതെ ലഭ്യമാക്കാൻ സർവ്വകലാശാലയ്ക്ക് സർക്കാർ നിർദ്ദേശം നൽകണമെന്നും റാഗിങ് പരാതിയിൽ സഹ വിദ്യാർത്ഥിയും റൂംമേറ്റുമായ കൃഷ്ണ കെ പിക്കെതിരെ കർശനമായ അച്ചടക്ക-നിയമ നടപടികൾ സ്വീകരിക്കണമെന്നും അനഘ പറയുന്നു.
ക്യാമ്പസിൽ തനിക്ക് സുരക്ഷ ഉറപ്പാക്കണം. പരാതികൾ അവഗണിക്കുകയും സുരക്ഷിതമായ അക്കാദമിക് സാഹചര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്ത സർവ്വകലാശാലാ ഉദ്യോഗസ്ഥരായ രജിസ്ട്രാർ ഡോ. കെ എം. ഭരതൻ, SC/ST സെൽ ചെയർമാൻ ഡോ. കെ വി ശശി എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥിനി ആവശ്യപ്പെടുന്നു.
അതേസമയം, അനഘയ്ക്ക് ഗവേഷണത്തിനാവശ്യമായ അക്കാദമിക് പിന്തുണ ഉറപ്പുവരുത്തുമെന്ന് സർവകലാശാലയും ഉറപ്പ് നൽകിയിട്ടുണ്ട്. തെറ്റ് ചെയ്ത അധ്യാപകരെ പുറത്താക്കും വരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ തീരുമാനം. പൊലീസിന് നൽകിയ പരാതിയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അനഘയുടെ മൊഴിയെടുത്തു. നീതി ലഭിക്കും വരെ പോരാടാനാണ് തീരുമാനമെന്ന് അനഘയുടെ അമ്മയും പ്രതികരിച്ചു.
Content Highlights: student of Thunchath Ezhuthachan Malayalam University in Tirur is preparing for an indefinite hunger strike over her demands