'നൂറ് ദിവസം.. നൂറ് കൂട്ടം സംഘപരിവാര്‍ സേവ'; സര്‍ക്കാരിനെതിരെ വിമർശനവുമായി കെ റഫീഖ്

ആര്‍എസ്എസുമായുള്ള ഡീലിന്റെ ഭാഗമായി യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ പാദസേവ നടത്തുന്നുവെന്നാണ് ആരോപിക്കുന്നത്

'നൂറ് ദിവസം.. നൂറ് കൂട്ടം സംഘപരിവാര്‍ സേവ'; സര്‍ക്കാരിനെതിരെ വിമർശനവുമായി കെ റഫീഖ്
dot image

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ വിമർശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ആര്‍എസ്എസുമായുള്ള ഡീലിന്റെ ഭാഗമായി യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ പാദസേവ ചെയ്യുകയാണെന്ന് റഫീഖ് ആരോപിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ സംഘപരിവാര്‍ അനുകൂല സമീപനങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ എന്നുപറഞ്ഞ് 'നൂറ് ദിവസം.. നൂറ് കൂട്ടം സംഘപരിവാര്‍ സേവ..' എന്ന തലക്കെട്ടോടെയാണ് റഫീഖ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

നയപ്രഖ്യാപനത്തിലോ ബജറ്റിലോ കേന്ദ്ര- ബിജെപി സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള ശത്രുതാപരമായ സമീപനത്തിനെതിരെ ഒരു വാക്കുപോലുമില്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നതുപോലെ വന്ദേമാതരം പൂര്‍ണമായും ആലപിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് 'ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്' എന്ന് പ്രസ്താവിച്ചത് വിഡി സതീശന്‍ സര്‍ക്കാരിന്റെ യഥാര്‍ത്ഥ സമീപനം വ്യക്തമാക്കുന്നതാണെന്ന് പറഞ്ഞാണ് കെ റഫീഖ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നൂറ് ദിവസം .. നൂറ് കൂട്ടം സംഘപരിവാർ സേവ ..യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന് നൂറ് ദിവസം തികയുമ്പോൾ ആർ എസ് എസുമ്മായുള്ള യു ഡി എഫ് ഡീലിൻ്റെ ഭാഗമായുള്ള പാദസേവയുടെ ഉദാഹരണങ്ങൾ ഒട്ടനവധിയാണ്. അതിൽ ചിലത് താഴെ പരാമർശിക്കുന്നു.

1- നയപ്രഖ്യാപനത്തിലോ ബജറ്റിലോ കേന്ദ്ര ബി ജെ പി സർക്കാരിൻ്റെ സംസ്ഥാനത്തോടുള്ള ശത്രുതാപരമായ സമീപനത്തിനെതിരെ ഒരു വാക്കുപോലുമില്ല.

2- എം ജി സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി സംഘപരിവാർ സംഘടനാ നേതാവ് മാവൂതിനെ നിയമിച്ചു. സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു പ്രതിഷേധവുമില്ല.

3- കാർഷിക സർവ്വകലാശാല വൈസ് ചാൻസിലറായി സംഘപരിവാറുകാരിയായ സജിത റാണി നിയമിതയായി. ഒരു പ്രതിഷേധവും മുഖ്യമന്ത്രിക്കില്ല, യു ഡി എഫിനും.

4- ആർ എസ് എസ് ആചാര്യൻ വി ഡി സവർക്കറെ മഹത്വവൽക്കരിച്ച് ചരിത്ര പുരുഷനാക്കി അവതരിപ്പിച്ച് വിദ്യാലയങ്ങളിൽ ക്വിസ് മത്സരത്തിൽ ചോദ്യോത്തരം നൽകി.

5- സത്യപ്രതിജ്ഞ ചടങ്ങിൽ ആർ എസ് എസ് ആഗ്രഹിക്കുന്നത് പോലെ തന്നെ വന്ദേമാതരം പൂർണ്ണമായും ആലപിച്ചു.

6- തിരുവനന്തപുരം കോർപ്പേറേഷനിലെ ബി ജെ പി ഭരണം നിലനിർത്താനായി കാപ്പ കേസ് പ്രതി ബി ജെ പി കൗൺസിലർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനും ലീവ് അനുവദിക്കാനും യു ഡി എഫ് സർക്കാർ അവസരമൊരുക്കിക്കൊടുത്തു.

7- രാഷ്ട്രീയ പാർട്ടികൾക്ക് ബി ജെ പി ചിഹ്‌നം വെച്ച് കത്തയച്ച മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു കേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറിയായി നിയമിച്ചു.

8- മോദിയെ സ്തുതിച്ച് ലേഖനമെഴുതിയ , ആർ എസ് എസ് അജണ്ടയായ ബീഫ് നിരോധനത്തെ പിന്തുണച്ച ഡോ ബി അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു.

9- പി എം ശ്രീ നടപ്പിലാക്കാൻ മുൻപ് പറഞ്ഞതെല്ലാം മറന്ന് കൊണ്ടുള്ള അമിത താല്പര്യവും അതിനായുള്ള കള്ളപ്രചരണവും.

10- വഖഫ് ബോർഡിൽ മുസ്ലിംങ്ങളല്ലാത്തവരെ ഉൾപ്പെടുത്തണമെന്ന രാജ്യത്ത് നടപ്പിലാക്കിയ ആർ എസ് എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കാനുള്ള തീരുമാനം. അതിനായി കോടതിയിൽ ഉൾപ്പെടെ സമ്മതമറിയിക്കൽ. ( സർക്കാർ സ്റ്റാൻ്റിംഗ് കൗൺസിൽ ആയ മുസ്ലീംലീഗ് നേതാവ് മർസൂഖ് ബാഫഖി തങ്ങൾ ആണ് തീരുമാനം കോടതിയിൽ അറിയിക്കുന്നത് എന്നതും മറ്റൊരു കാര്യം)

11- സർക്കാർ നൽകുന്ന വീടിന് മുൻപിൽ മോദിയുടെ എംബ്ലം വെക്കുന്നത് പ്രശ്നമല്ലെന്ന് പ്രഖ്യാപിക്കുകയും അതിനായി സമ്മതിക്കുകയും ചെയ്തിരിക്കുന്നു യു ഡി എഫ് സർക്കാർ.

12- ജന്ദർമന്ദിറിൽ കേന്ദ്ര ബി ജെ പി സർക്കാരിനെതിരായി നടത്തിയ വിദ്യാർത്ഥി പ്രക്ഷോഭത്തിനെ പിന്തുണച്ച് രാജ്യത്താകെ ഉയർന്ന് വന്ന യുവജന - വിദ്യാർത്ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയും കേസെടുക്കുകയും ചെയ്ത ഏക ബി ജെ പി ഇതര സംസ്ഥാന സർക്കാർ കേരളത്തിലെ യു ഡി എഫ് സർക്കാരാണ്. കേസ് പിൻവലിക്കാനും ഇതുവരെ തയ്യാറായിട്ടില്ല.

13- ജന്ദർമന്ദിർ പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടികളെയുൾപ്പെടെ അങ്ങേയറ്റം അധിക്ഷേപിച്ച് വിദ്വേഷ പ്രസ്താവന നടത്തിയ സംഘപരിവാർ നേതാവ് ടി ജി മോഹൻദാസിനെതിരായി ആദ്യ ഘട്ടത്തിൽ കേസെടുക്കാൻ മടിച്ച യു ഡി എഫ് സർക്കാർ ഏറെ വൈകി കേസെടുത്തുവെങ്കിലും അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്യേണ്ടി വന്ന യു ഡി എഫ് സർക്കാർ ടി ജി മോഹൻദാസിന് അന്ന് തന്നെ ജാമ്യം ലഭിക്കാൻ ഒത്തുകളിക്കുകയും ചെയ്തു.

14- എം ജി സർവ്വകലാശാല സെനറ്റിൽ 18 പേരെയും ആർ എസ് എസ് - ബി ജെ പി പ്രവർത്തകരെ നിയമിച്ചത്.

15- സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണറായി ആർ എസ് എസുകാരനെ നിയമിച്ചു എന്ന് പരസ്യമായി കെ പി സി സി ജനറൽ സെക്രട്ടറിക്ക് പറയേണ്ടി വന്നു.

16- പ്ലീഡർ നിയമനത്തിൽ സംഘപരിവാറുകാരെയാണ് യു ഡി എഫ് സർക്കാർ പരിഗണിച്ചതെന്ന് പരസ്യമായി പ്രതിഷേധിച്ച് പ്രതികരിക്കേണ്ടി വന്നത് കെ എസ് യു സംസ്ഥാന അധ്യക്ഷന്.

17- സംഘപരിവാരത്തിന് വേണ്ടി ഗവർണർ പദവി ഉപയോഗിച്ച് പ്രവർത്തിക്കാൻ ശ്രമിച്ച ആരിഫ് മുഹമ്മദ് ഖാൻ്റെ നിയമോപദേഷ്ടാവിനെ യു ഡി എഫ് സർക്കാർ അഡ്വക്കറ്റ് ജനറലായി നിയമിക്കുന്നു.

18- ഗവർണർ ഉന്നത ഉദ്യോഗസ്ഥൻമാരുടെ യോഗം നേരിട്ട് വിളിച്ച് ചേർത്തിട്ടും മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മിണ്ടാട്ടമില്ല.

19- സംസ്ഥാന പോലീസ് മേധാവിയെ ഗവർണർ വിളിച്ചു വരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഗവർണർ സർക്കാരിനെ നോക്കുകുത്തിയാക്കുമ്പോഴും യാതൊരു പ്രതിഷേധവും യു ഡി എഫ് സർക്കാരിനില്ല.

ഇനിയുമെത്രയോ കാര്യങ്ങൾ ഈ ചുരുങ്ങിയ കാലയളവിനുള്ളിലെ യു ഡി എഫ് സർക്കാരിൻ്റെ സംഘപരിവാർ അനുകൂല സമീപനങ്ങളുടേതായുണ്ട്. “ഞങ്ങളുടെ തെരെഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങളാണ് യു ഡി എഫ് സർക്കാർ നടപ്പിലാക്കുന്നത്" എന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ അഭിനന്ദിക്കുന്ന മുഖ്യമന്ത്രിയും സർക്കാരുമായി യു ഡി എഫിൻ്റേത് എന്നത് തന്നെ സതീശൻ സർക്കാരിൻ്റെ സമീപനം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.

Content Highlights: K Rafeeqs Facebook Post Makes Serious Allegations Against the Government

dot image
To advertise here,contact us
dot image