

കോഴിക്കോട്: സി ഐ ജംഷീദിനെ കോഴിക്കോട് നഗരത്തിലേക്ക് സ്ഥലംമാറ്റാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ അപമാനിക്കരുതെന്നും പാര്‍ട്ടിക്ക് വേണ്ടിയും സത്യത്തിന് വേണ്ടിയും പോരാടിയ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരം തീരുമാനങ്ങളെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പേരാമ്പ്രയില്‍ വ്യാജ ബോംബ് കേസ് സൃഷ്ടിച്ചത് ജംഷീദ് ആണെന്നും ദുല്‍ഖിഫില്‍ ആരോപിച്ചു. തെറ്റായ തീരുമാനങ്ങള്‍ ആരെ തൃപ്തിപ്പെടുത്താനെന്നും വി പി ദുല്‍ഖിഫില്‍ ചോദിച്ചു. ഉമേഷ് ബാബുവിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശ്രമങ്ങക്കെതിരെയും വി പി ദുല്‍ഖിഫില്‍ വിമർശനം ഉന്നയിച്ചു. സ്വകാര്യ താൽപ്പര്യങ്ങൾ സംരക്ഷിക്കലാണ് ലക്ഷ്യമെങ്കിൽ അതിന് വേറെ എത്രയോ വഴികളുണ്ടെന്നും അതിനായി ഈ പാർട്ടിയെയും അണികളുടെ രക്തത്തെയും വിൽക്കരുതെന്നും അദ്ദേഹം കുറിച്ചു.
വി പി ദുല്‍ഖിഫിലിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഇതാരുടെ താൽപ്പര്യമാണ്? സാധാരണക്കാരായ പ്രവർത്തകരുടെ മനോവീര്യം തകർക്കരുത്! ഭരണമില്ലാത്ത സമയത്തും ഒരു ഘട്ടത്തിലും തളരാതെ, ഈ പാർട്ടിയുടെ കൊടിപിടിച്ച് തെരുവിൽ പോരാടിയവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ ഇന്ന് നടക്കുന്ന ചില നീക്കങ്ങൾ കാണുമ്പോൾ ചോദിക്കാതിരിക്കാൻ കഴിയില്ല — ഇതാരുടെ താൽപ്പര്യമാണ് സംരക്ഷിക്കാൻ നിങ്ങൾ ശ്രമിക്കുന്നത്?
വടകര എം.പി. ശ്രീ ഷാഫി പറമ്പിൽ, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ശ്രീ കെ. പ്രവീൺ കുമാർ എന്നിവരടക്കമുള്ള നേതാക്കളെയും നിരപരാധികളായ പ്രവർത്തകരെയും ഇല്ലാത്ത വ്യാജ ബോംബ് കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കുകയും അതി ക്രൂരമായ പോലീസ് നരനായാട്ട് നടത്തുകയും ചെയ്ത അതേ സി.ഐ. ജംഷീദിനെ, കോഴിക്കോട് ഡി.സി.സി. ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട സ്റ്റേഷൻ പരിധിയുടെ ക്രമസമാധാന ചുമതല ഏൽപ്പിക്കുന്നു! ഇത്തരം തെറ്റായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?
ഇതിനു പുറമേ, ഉമേഷ് ബാബുവിനെ വീണ്ടും സർവീസിൽ തിരിച്ചെടുക്കാൻ പിന്നാമ്പുറത്ത് ശ്രമങ്ങൾ നടക്കുന്നു. പോരാത്തതിന്, പോലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റ മറ്റൊരു സി.ഐയെയാണ് കേരളം മുഴുവൻ ചർച്ച ചെയ്ത 'കാഫിർ സ്ക്രീൻഷോട്ട്' കേസിന്റെ സുപ്രധാന അന്വേഷണം നടക്കുന്ന സ്പെഷ്യൽ ടീമിലേക്ക് നിയമിക്കാൻ നീക്കം നടത്തുന്നത്.
പാർട്ടിക്ക് വേണ്ടിയും സത്യത്തിന് വേണ്ടിയും പോരാടിയ പ്രവർത്തകരെയും പൊതുജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരം തീരുമാനങ്ങൾ. സ്വകാര്യ താൽപ്പര്യങ്ങൾ സംരക്ഷിക്കലാണ് ലക്ഷ്യമെങ്കിൽ അതിന് വേറെ എത്രയോ വഴികളുണ്ട്, അതിനായി ഈ പാർട്ടിയെയും അണികളുടെ രക്തത്തെയും വിൽക്കരുത്.
ഇനിയും പ്രവർത്തകരുടെ ക്ഷമയെ പരീക്ഷിക്കരുത്. അനീതിക്കെതിരെ പോരാടാൻ ഇറങ്ങിയ നമ്മളെ വീണ്ടും ഒരു പോരാട്ടത്തിലേക്ക് തള്ളിവിടരുത്. തെറ്റായ ഈ നീക്കങ്ങൾ ഉടനടി തിരുത്തപ്പെടുക തന്നെ വേണം!
Content Highlights:Youth Congress Opposes Move to Transfer CI Jamsheed to Kozhikode City