

കോഴിക്കോട്: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്ക് ബന്ധമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ ഷെല്‍ കമ്പനിയെന്ന് സൂചന. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന കമ്പനിക്ക് ഓഫീസില്ല. 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മേല്‍വിലാസത്തിലും ദുരൂഹതയുണ്ട്. ഇത് മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനിയെന്നാണ് രേഖകളിലുള്ളത്.
കമ്പനിയുടെ മറ്റൊരു പാര്‍ട്ട്ണറായ അനീസ് കൊടമ്പിയാത്ത് അറക്കലിനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെ 15.57 ലക്ഷം രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ മരവിപ്പിച്ചിരുന്നു.
കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഇ ഡി. ഇന്നലെ സിപിഐഎം നേതാവിന്റെ വീട്ടില്‍ അടക്കം എട്ടിടങ്ങളില്‍ ഇ ഡി പരിശോധന നടന്നിരുന്നു. വീണ ടിയും മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന നടന്നത്. മെയ് 27ന് വീണ ടി യുടെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇ ഡി ഒരു ഡയറി പിടിച്ചെടുത്തിരുന്നു. ഈ ഡയറിയില്‍ നിന്നും സാമ്പത്തിക ഇടപാടുകളുടെ ചില വിവരങ്ങള്‍ ഇ ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. നിഖില്‍, നന്ദുലാല്‍, ഷൈജല്‍, ഫൈജാസ് അടക്കം ഏഴ് പേരുടെ പേരുകളാണ് ഡയറിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് മനസിലാക്കിയതോടെയാണ് വീണയും റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ പരിശോധനകളിലേക്ക് അന്വേഷണസംഘം നടന്നത്.
നിഖിലിന്റെ സോളസ് എന്ന കമ്പനി, വെസ്റ്റ് ഹില്‍ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി നന്ദുലാലിന്റെ വീട്, പന്തിരാങ്കാവിലെ കാപിറ്റല്‍ മാര്‍ബിള്‍സ് എന്ന സ്ഥാപനത്തിലും ഇന്നലെ പരിശോധന നടന്നിരുന്നു. ഫ്ളാറ്റിലെ പരിശോധനയ്ക്കിടെ നിഖിലിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു. പന്തിരാങ്കാവിലെ കാപിറ്റല്‍ മാര്‍ബിള്‍സ് എന്ന സ്ഥാപനത്തിലും റെയ്ഡ് നടന്നു.
2024 ഏപ്രിലിലാണ് സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഎംആര്‍എല്‍ കമ്പനിയും വീണ ടിയുടെ ഉടമസ്ഥതയിലുളള 'എക്സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐടി കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എക്സാലോജിക് നല്‍കിയ ഐടി സേവനങ്ങള്‍ക്കുളള പ്രതിഫലമെന്ന നിലയില്‍ 2017 മുതല്‍ 2020 വരെയുളള കാലയളവില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നും എന്നാല്‍ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുളള ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങള്‍ക്ക് ആധാരമായത്. തുടര്‍ന്ന് എസ്എഫ്ഐഒ ഈ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.
Content Highlights: The CMRL-Exalogic case raises questions over whether Lekker India Corporation, reportedly linked to Veena, is a shell company. The connection is under scrutiny.