

ദുബായില്‍ ഡ്രൈവറില്ലാ റോബോടാക്‌സികള്‍ വ്യാപകമാകുന്നു. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (അര്‍ടിഎ) ആരംഭിച്ച റോബോടാക്‌സി യാത്രകള്‍ നാല്‍പത് ലക്ഷത്തിലേറെ കിലോമീറ്ററുകളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സര്‍വീസ് ആരംഭിച്ചതിനു ശേഷം ഇതുവരെ 7,613 യാത്രക്കാരാണ് റോബോടാക്‌സികളില്‍ യാത്രചെയ്തിരിക്കുന്നത്.
ആര്‍ടിഎ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പദ്ധതിയില്‍ നിലവില്‍ 144 വാഹനങ്ങളാണ് ഉള്ളത്. അതില്‍ തന്നെ 48 വാഹനങ്ങളാണ് നിലവില്‍ സജീവമായി നിരത്തിലിറങ്ങുന്നത്. പ്രതിദിനം ഏകദേശം 50 യാത്രകളാണ് റോബോടാക്‌സി വഴി നടക്കുന്നത്. ഈ സര്‍വ്വീസിന് 97 ശതമാനം ഉപഭോക്തൃ സംതൃപ്തി രേഖപ്പെടുത്താന്‍ സാധിച്ചിട്ടുമുണ്ട്. ദുബായില്‍ ജനസംഖ്യ 40 ലക്ഷം പിന്നിട്ടതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
2026 ന്റെ ആദ്യ പകുതിയില്‍ മാത്രം 34.8 കോടി യാത്രക്കാരാണ് ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചിരിക്കുന്നത്. പ്രതിദിനം ഏകദേശം പത്തൊമ്പത് ലക്ഷം ആളുകളാണ് ദുബായ് നഗരത്തിലെ വിവിധ ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. സ്വയം നിയന്ത്രിത വാഹന സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ചൈനീസ് കമ്പനികളായ ബൈഡുവിന്റെ അപ്പോളോ ഗോ വീറൈഡ്, പോണി, എഐ എന്നിവരുമായി സഹകരിച്ചാണ് ആര്‍ടിഎ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ആഗോള റൈഡ് ഹെയ്‌ലിങ് പ്ലാറ്റ്‌ഫോമായ ഊബറുമായും ആര്‍ടിഎ കൈകോര്‍ത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത മേഖലകളില്‍ ഊബര്‍ ആപ്പ് വഴി അപ്പോളോ ഗോ റോബോടാക്‌സികള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ന്യൂ ഹൊറൈസണ്‍ ലക്ഷ്വറി ട്രാന്‍സ്‌പോര്‍ട്ടിനാണ് പ്രാദേശിക ഫ്ലീറ്റ് നടത്തിപ്പ് ചുമതല.
റോഡ് സുരക്ഷയും സാങ്കേതിക കൃത്യതയും ഉറപ്പുവരുത്തി നിശ്ചിത മേഖലകളിലാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. പരീക്ഷണങ്ങള്‍ വിജയിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നഗരഭാഗങ്ങളിലേക്ക് റോബോടാക്‌സി സര്‍വീസ് വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഡ്രൈവറില്ലാ യാത്രകളില്‍ വര്‍ദ്ധിച്ചുവരുന്ന ജനവിശ്വാസത്തെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും 2030 ഓടെ ദുബായിലെ ആകെ ശതമാനത്തിന്റെ 25 ശതമാനവും റോബോടാക്‌സി വാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായത ചുവടുവെപ്പാണിതെന്നും അധികൃതര്‍ പറഞ്ഞു. സുരക്ഷ, വിശ്വാസ്യത, പ്രവര്‍ത്തന സന്നദ്ധത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകിച്ചുള്ള ഘട്ടം ഘട്ടമായുള്ള സമീപനത്തിലൂടെയാണ് റോബോടാക്‌സി പദ്ധതിക്ക് ജനപിന്തുണയേറിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlight: Robotaxi services are gaining popularity in the UAE as autonomous transportation expands and more passengers experience driverless mobility solutions