മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; കുറ്റപത്രം നല്‍കാത്തതെന്ത്? അന്വേഷണ ഉദ്യോഗസ്ഥനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

എല്ലാ വിശദാംശങ്ങളും കൃത്യമായി എഴുതി നല്‍കണമെന്നാണ് എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; കുറ്റപത്രം നല്‍കാത്തതെന്ത്? അന്വേഷണ ഉദ്യോഗസ്ഥനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
dot image

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശശിധരനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കുറ്റപത്രം നല്‍കിയ കേസുകളുടെ എഫ്ഐആര്‍ നമ്പര്‍ നല്‍കാത്തതെന്താണെന്ന് കോടതി ചോദിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കി എന്ന ചോദ്യത്തിന് ഒരു കേസിലും കുറ്റപത്രം നല്‍കിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്. ഏത് കേസില്‍ എവിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രം ഫയല്‍ ചെയ്തു? ഒരെണ്ണത്തില്‍ പോലും കുറ്റപത്രം നല്‍കിയില്ലല്ലോ? പ്രൊസിക്യൂഷന്‍ അനുമതി എത്ര കേസുകളില്‍ തേടി? എന്നിങ്ങനെയും കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചു. എല്ലാ വിശദാംശങ്ങളും കൃത്യമായി എഴുതി നല്‍കണമെന്നാണ് എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏഴ് കേസുകളിലും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറായി എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ് ശശിധരന്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ മതിയായ വിവരങ്ങള്‍ ഇല്ല എന്നായിരുന്നു കോടതി നിരീക്ഷിച്ചിരുന്നത്. അതിനാല്‍ തന്നെ എസ്പി എസ് ശസിധരന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് എസ്പിയോട് കോടതിയുടെ ചോദ്യങ്ങളുണ്ടാകുന്നത്. കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് തന്നെ കോടതി പരിഗണിക്കും

ആറുവര്‍ഷം മുന്‍പ് 2020 ജൂണ്‍ 24നാണ് എസ്എന്‍ഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ മഹേശന്‍ ജീവനൊടുക്കിയത്. സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ കുറഞ്ഞ പലിശക്ക് നല്‍കുന്ന വായ്പകള്‍ എടുത്ത ശേഷം, എസ്എന്‍ഡിപി യൂണിയനുകള്‍ അത് അംഗങ്ങള്‍ക്ക് കൂടിയ നിരക്കില്‍ നല്‍കിയതാണ് മൈക്രോഫിനാന്‍സ് കേസുകള്‍ക്ക് ആധാരം. വായ്പ നല്‍കാതെ നിര്‍ധന സ്ത്രീകളുടെ പേരില്‍ വ്യാജരേഖകള്‍ കാണിച്ച് വന്‍ തുകകള്‍ തട്ടിയെടുത്തു എന്ന കേസുകളും ഇതിലുണ്ട്.

മൈക്രോഫിനാന്‍സ് പദ്ധതികളുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആയിരുന്ന കെ കെ മഹേശന്‍ അക്കാരണം കൊണ്ട് തന്നെ പ്രതിയായി. എന്നാല്‍ പ്രതിപ്പട്ടികയില്‍ ആദ്യ സ്ഥാനത്ത് എത്തിയ വെള്ളാപ്പള്ളിയും സംഘവും ഒത്തുകളിച്ച് തന്നെ മാത്രം കുരുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആശങ്കപ്പെട്ടാണ് മഹേശന്‍ ജീവനൊടുക്കിയത് എന്നാണ് ആരോപണം. ആറുവര്‍ഷം എത്തുമ്പോള്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് ഈ കേസ് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പുതിയ അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നേരത്തെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരന്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് പരിഗണിക്കപ്പെട്ടിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സുധീരന്‍ വീണ്ടും നല്‍കിയ കത്തിലാണ് കേസിന് വീണ്ടും ജീവന്‍വെച്ചത്.

Content Highlights: The Kerala High Court raised several questions with investigating officer S Sasidharan regarding the progress of the microfinance case involving Vellappally Natesan. The court sought details on the cases in which final reports were filed and directed the SIT to submit all relevant information accurately in writing.

dot image
To advertise here,contact us
dot image