'പിഴവുണ്ടായി, ക്ഷമ ചോദിക്കുന്നു,പിഴ അടക്കും'; സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് CR മഹേഷ്

സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും തന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു പിഴവുണ്ടായെന്നും സി ആര്‍ മഹേഷ്

'പിഴവുണ്ടായി, ക്ഷമ ചോദിക്കുന്നു,പിഴ അടക്കും'; സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് CR മഹേഷ്
dot image

കൊല്ലം: സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് സി ആര്‍ മഹേഷ് എംഎല്‍എ. സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും തന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു പിഴവുണ്ടായെന്നും മഹേഷ് ഫേസ്ബുക്കില്‍ കുറിച്ചു. പലര്‍ക്കും അറിഞ്ഞും അറിയാതെയും ട്രാഫിക്ക് നിയമങ്ങളില്‍ പിഴവ് ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും അങ്ങനെ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഞാന്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ചാണ്ടി സാറിന്റെ കല്ലറയില്‍ പോകുന്ന വഴിക്കാണ് പിഴവ് സംഭവിച്ചതെന്ന് ഞാന്‍ ഓര്‍ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് ഇങ്ങനെയുള്ള കേസുകളുടെ എല്ലാം പിഴ അടച്ചു എന്നതാണ് എന്റെ ഓര്‍മ്മ', മഹേഷ് പറഞ്ഞു.

ഇനി പിഴ അടച്ചിട്ടില്ലെങ്കില്‍ പിഴ അടക്കുവാനും തെറ്റ് ആവര്‍ത്തിക്കാതെ ഇരിക്കാനും ശ്രദ്ധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവം വിഷ്വല്‍ മീഡിയകളില്‍ വാര്‍ത്ത വന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ആയതിനാല്‍ ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങളോട് നന്ദിയും രേഖപ്പെടുത്തുന്നുവെന്ന് സി ആര്‍ മഹേഷ് പറഞ്ഞു.

മഹേഷ് എംഎല്‍എയുടെയും കായികവകുപ്പ് മന്ത്രി ഒ ജെ ജനീഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജെയ്‌സണ്‍ ജെയിംസിന്റെയും കാര്‍ യാത്രയുടെ വീഡിയോയാണ് പ്രചരിച്ചത്. ജെയ്‌സണാണ് വാഹനമോടിച്ചത്. ഡ്രൈവിങ്ങിനിടെ ജെയ്‌സണ്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. ജെയ്‌സണും മുന്നിലിരുന്ന സി ആര്‍ മഹേഷും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. വാഹനത്തിന്റെ പിന്‍ സീറ്റില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയെയും കാണാം. അതേസമയം സംഭവത്തില്‍ ജെയ്‌സണെ തള്ളി ഒ ജെ ജനീഷ് രംഗത്തെത്തി. നിയമലംഘനം നടത്തിയാല്‍ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാമെന്ന് ഒ ജെ ജനീഷ് പറഞ്ഞു. നിയമലംഘനങ്ങള്‍ ആര് നടത്തിയാലും ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: CR Mahesh MLA expressed regret for travelling without wearing a seat belt after the issue came to public attention

dot image
To advertise here,contact us
dot image