

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണത്തില്‍ പരാതിക്കാരെ ബലിയാടാക്കി ആരോപണ വിധേയരെ സംരക്ഷിച്ച് ബിജെപി. അരോപണത്തില്‍ ഗൂഢാലോചന എന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. തട്ടിപ്പ് നടന്നിട്ടില്ലെന്നാണ് കമ്മീഷന്‍ പറയുന്നത്. ബിജെപി സ്റ്റേറ്റ് ഓഫീസില്‍ നിന്ന് രേഖകള്‍ ചോര്‍ത്തിയ ഓഫീസ് അസിസ്റ്റന്റിനെ പുറത്താക്കി. തെരഞ്ഞെടുപ്പ് കണക്കുകളുടെ രേഖകള്‍ കടത്തിയെന്നാണ് കണ്ടെത്തല്‍. മാധ്യമങ്ങളില്‍ രേഖകള്‍ എത്തിച്ചത് ഓഫീസ് അസിസ്റ്റന്റിന്റെ സഹായത്തോടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
രേഖകള്‍ കടത്തിയതില്‍ നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. പിന്നില്‍ ഗൂഢാലോചനയെന്നും പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്നുമാണ് വിവരം. എന്നാല്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയില്ല. തട്ടിപ്പ് നടന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നേതൃത്വം. പരാതിക്കാരായ രണ്ട് പേര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായിരുന്നില്ല. ഇതിന് കാരണം പരാതി വ്യാജമായതാണെന്നാണ് കമ്മീഷന്‍ പറയുന്നത്. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സംസ്ഥാന ട്രഷറര്‍ പി കൃഷ്ണദാസുമായിരുന്നു അന്വേഷണ കമ്മീഷനില്‍ ഉണ്ടായിരുന്നത്.
സംസ്ഥാന കമ്മിറ്റി കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ ഫണ്ട് തിരിമറി പരാതി ഉയര്‍ന്നിരുന്നത്. 20-20 സ്ഥാനാര്‍ഥിയാകാന്‍ ഓഫര്‍ ചെയ്ത പണം നല്‍കിയില്ലെന്ന് കാട്ടി സ്ഥാനാര്‍ഥിയായ താരങ്ങള്‍ തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു വിവരം. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് പ്ലക്കാര്‍ഡ് വാങ്ങിയതിലടക്കം ക്രമക്കേട് ഉണ്ടായെന്നായിരുന്നു കണ്ടെത്തല്‍. വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തതില്‍ വരെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കൊടി വാങ്ങിയെന്ന് കാട്ടി വ്യാജ ബില്ല് സമര്‍പ്പിച്ചതില്‍ കേസ് എടുത്തിട്ടില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. 3.25 ലക്ഷം രൂപയ്ക്ക് കൊടി വാങ്ങി എന്ന വ്യാജ ബില്ലില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നാണ് ആരോപണം. വാമനപുരം സ്വദേശിയായ കടയുടമ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പണം തട്ടാന്‍ ഉപയോഗിച്ച ബില്‍ പ്രചരിച്ചിരുന്നു. എ എ ഏജന്‍സിയുടെ പേരിലുള്ള ബില്‍ വഴി പണം തട്ടിയത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ചുമതലക്കാരനെന്നായിരുന്നു റിപ്പോര്‍ട്ട്. എ എ ഏജന്‍സിയില്‍ കൊടി വില്‍ക്കാറേയില്ലെന്നായിരുന്നു കമ്പനി ഉടമ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. ഇതില്‍ കടയുടമ നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടില്ലെന്ന ആരോപണമുയര്‍ന്നിരുന്നത്.
ദേശീയ നേതാക്കള്‍ എത്തുന്ന സമയങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതിന്റെ ബില്ല് രണ്ടും മൂന്നും ഇരട്ടിയായി കാണിച്ചെന്നും കണ്ടെത്തലുണ്ട്. ഹെലികോപ്റ്റല്‍ വാടകയ്ക്കെടുത്ത് അതില്‍ സഞ്ചരിച്ച മണിക്കൂറുകള്‍ കൂട്ടി കാണിച്ച് അതിന്റെ പേരിലും സംസ്ഥാന നേതാക്കള്‍ പണം തട്ടിയതായാണ് വിവരം. തട്ടിപ്പ് നടത്തിയ പല നേതാക്കള്‍ക്കും ബജെപി ഭരണമുള്ള സഹകരണ ബാങ്കുകളിലടക്കം വലിയ തുക വായ്പ ഉണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒറ്റ തവണയായി അടച്ചു തീര്‍ത്തെന്നും ആരോപണമുണ്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടൊപ്പം നില്‍ക്കുന്ന ഭാരവാഹികളാണ് വിഷയത്തില്‍ പ്രതിക്കൂട്ടിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെയാണ് വിഷയം ആന്റി ക്ലൈമാക്‌സിലേക്ക് കടക്കുന്നതായി സൂചന വന്നിരിക്കുന്നത്.
Content Highlights: The BJP’s internal probe into alleged election fund irregularities has raised fresh questions after the complainant was reportedly removed while those facing allegations remain influential within the party. The development has added a new turn to the ongoing controversy and intensified questions over the party’s internal inquiry.