'അടിയന്തരാവസ്ഥ കാലത്ത് 76 ദിവസം ജയിലിൽ കിടന്നു, കേസ് കാണിച്ച് ഞങ്ങളെ വിരട്ടണ്ട'; കേസെടുത്തതിൽ കെ പി ഉദയഭാനു

ഭരണകൂട ഭീകരതയ്ക്ക് എതിരായാണ് കെ പി ഉദയഭാനു പ്രസംഗിച്ചതെന്ന് രാജു എബ്രഹാം

'അടിയന്തരാവസ്ഥ കാലത്ത് 76 ദിവസം ജയിലിൽ കിടന്നു, കേസ് കാണിച്ച് ഞങ്ങളെ വിരട്ടണ്ട'; കേസെടുത്തതിൽ കെ പി ഉദയഭാനു
dot image

പത്തനംതിട്ട: പൊലീസുകാര്‍ക്കെതിരായ ഭീഷണി പ്രസംഗത്തില്‍ കേസെടുത്തതില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. സിപിഐഎമ്മുകാര്‍ ഭയപ്പെടുന്നവരല്ലെന്ന് കെ പി ഉദയഭാനു പ്രതികരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് താന്‍ 76 ദിവസം ജയിലില്‍ കിടന്നിട്ടുണ്ടെന്നും അന്ന് കെ കരുണാകരന്‍ ആയിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രിയെന്നും കെ പി ഉദയഭാനു പറഞ്ഞു.

'കേസ് കാണിച്ച് ഞങ്ങളെ വിരട്ടേണ്ട. കാട്ടാമലയിലേത് രണ്ടുമുറി മാത്രമുള്ള വീടുകളാണ്. കതകുകളും ജനലുകളും പോലും ഇല്ല. ഈ വീടുകളില്‍ അര്‍ജുന്‍ ആയങ്കിയെ എങ്ങനെ ഒളിപ്പിക്കും. വീടുകളിലുള്ള സ്ത്രീകളോട് പൊലീസ് അപമര്യാദയായി പെരുമാറി. ചോദ്യം ചെയ്ത ഞങ്ങളുടെ പേരില്‍ പൊലീസ് കേസ് എടുത്തു. പ്രതിഷേധിക്കാന്‍ ഉള്ള അവകാശം രാജ്യത്ത് ഉണ്ട്', കെ പി ഉദയഭാനു പറഞ്ഞു.

താന്‍ പറഞ്ഞ വാക്കുകളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസുകാരുടെ വീട്ടിലും അമ്മയും സഹോദരിമാരും ഉണ്ട് എന്നാണ് താന്‍ പറഞ്ഞത്. പാവപ്പെട്ടവരുടെ വീട്ടില്‍ കയറിയപ്പോള്‍ പൊലീസ് ഇതൊന്നും ചിന്തിച്ചില്ല. മറിച്ച് ഒന്നും ചിന്തിപ്പിക്കരുത് എന്ന് മാത്രമാണ് താന്‍ പറഞ്ഞത്. പൊലീസിന്റെ ന്യായമായ പ്രവര്‍ത്തനത്തെ തങ്ങള്‍ തടസ്സപ്പെടുത്തില്ല. പൊലീസുകാരുടെ വീട്ടിലും അമ്മയും സഹോദരിയും ഉണ്ട് ആ രീതിയില്‍ തങ്ങളെ ചിന്തിപ്പിക്കരുത് എന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ പ്രസ്താവന സ്ത്രീവിരുദ്ധത അല്ലെന്നും കെ പി ഉദയഭാനു പറഞ്ഞു. പൊലീസുകാര്‍ സ്ത്രീകളുടെ വീട്ടില്‍ കയറി പരിശോധന നടത്തിയതിനെ തങ്ങള്‍ വിമര്‍ശിക്കുമെന്നും കെ പി ഉദയഭാനു കൂട്ടിച്ചേര്‍ത്തു.

അതേസമയം കെ പി ഉദയഭാനുവിനെ പിന്തുണച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തി. ഭരണകൂട ഭീകരതയ്ക്ക് എതിരായാണ് കെ പി ഉദയഭാനു പ്രസംഗിച്ചതെന്ന് രാജു എബ്രഹാം പറഞ്ഞു. പൊലീസ് നയത്തിന് എതിരെ ശക്തമായ താക്കീതാണ് കെ പി ഉദയഭാനു നല്‍കിയത്. പാതിരാത്രിയില്‍ സ്ത്രീകളും കുട്ടികളുമുള്ള വീടുകളില്‍ പരിശോധന നടത്തിയതിനെതിരെ പ്രസംഗിച്ചു. സര്‍ച്ച് വാറണ്ട് ഇല്ലാതെ പൊലീസ് വീടുകളില്‍ പരിശോധന നടത്തിയെന്നും രാജു എബ്രഹാം പറഞ്ഞു.

'സ്ത്രീകള്‍ മാത്രമുള്ള വീട് തിരഞ്ഞ് പിടിച്ച് പൊലീസ് കയറി. ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടത് സിപിഐഎമ്മിന്റെ കടമയാണ്. അവസാന കമ്മ്യൂണിസ്റ്റുകാരന്‍ ജീവിക്കുന്നത് വരെ ഈ പോരാട്ടം തുടരും. കള്ളക്കേസ് എടുത്ത് തുറുങ്കിലടക്കാന്‍ ഉള്ള കരിനിയമം പ്രയോഗിച്ചു. കരിനിയമം കൊണ്ട് കീഴ്‌പ്പെടുത്താന്‍ കഴിയുന്ന പാര്‍ട്ടി അല്ല സിപിഐഎം. അടിയന്തരാവസ്ഥക്കാലത്ത് പോലും സിപിഐഎമ്മിനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എംഡിഎംഎ കച്ചവട കേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് കരി നിയമം നടപ്പാക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉണ്ടാകും', രാജു എബ്രഹാം പറഞ്ഞു.

വീടുകളില്‍ കടന്ന് കയറി സ്ത്രീകളുടെ കൈകളില്‍ പൊലീസ് കടന്നു പിടിച്ചെന്നും പൊലീസിന്റെ കൃത്യ നിര്‍വഹണം കെ പി ഉദയഭാനു തടസ്സപ്പെടുത്തിയിട്ടില്ലെന്നും രാജു എബ്രഹാം പറഞ്ഞു. പൊലീസ് ബാരിക്കേഡിനപ്പുറത്തേക്ക് സിപിഐഎം പ്രവര്‍ത്തകര്‍ പോയില്ല. മുന്നറിയിപ്പ് മാത്രമാണ് സമരത്തിലൂടെ ഉയര്‍ത്തിയത്. പ്രതിഷേധം തടയാനാണ് ശ്രമമെങ്കില്‍ സമരത്തിന്റെ രീതി സിപിഐഎം മാറ്റുമെന്നും രാജു എബ്രഹാം കൂട്ടിച്ചേര്‍ത്തു. വാദി പ്രതിയാകുന്ന അവസ്ഥയാണ് കേരളത്തിലെന്നും രാജു എബ്രഹാം പറഞ്ഞു. അര്‍ജുന്‍ ആയെങ്കിയെ കണ്ണൂരില്‍ ലൊക്കേറ്റ് ചെയ്തതിനുശേഷം ആണ് കാട്ടാമലയില്‍ പൊലീസ് പരിശോധന നടത്തിയത്. അച്ചടക്കമുള്ള ഒരു പോലീസ് കേരളത്തില്‍ ഉണ്ടായിരുന്നു. ഇന്ന് പൊലീസിനെ വഴി പിഴപ്പിച്ചെന്നും ഇരയെ പൊലീസ് പ്രതിയാക്കിയെന്നും രാജു എബ്രഹാം വ്യക്തമാക്കി.

'മുഖ്യമന്ത്രി പൊലീസ് രാജ് നടപ്പാക്കുന്നു. മനുഷ്യാവകാശ ലംഘനത്തിന് സിപിഐഎം ഉടന്‍ പരാതി നല്‍കും. മുഖ്യമന്ത്രി ഒരു ഭീരുവാണ്. വിമര്‍ശനങ്ങളെ ഭയപ്പെടുന്ന കേരളം കണ്ട ഭീരുവായ മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍. അതിന് അപ്പുറത്തേക്ക് ഒന്നും പറയേണ്ടതില്ല. ഞങ്ങള്‍ ഒക്കെ താണ പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഞങ്ങള്‍ക്കൊക്കെ ഒരു ദിവസം 300 തെറി സാമൂഹ്യ മാധ്യമങ്ങളിലൂടെ കേള്‍ക്കുന്നു. എംഡിഎംഎ കച്ചവടക്കാരന്‍ 4500 ഫേസ്ബുക്ക് പോസ്റ്റാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഇട്ടത്. ചീഫ് കോര്‍ഡിനേറ്റര്‍ ആണ് എംഡിഎംഎ കച്ചവടക്കാരന്‍. മുഖ്യമന്ത്രിയുടെ കൂടപ്പിറപ്പാണ് എംഡിഎംഎ കച്ചവടക്കാരന്‍. മുഖ്യമന്ത്രിയുടെ വീട്ടിലാണ് എംഡിഎംഎ കച്ചവടക്കാരന്റെ ഊണും ഉറക്കവും', രാജു എബ്രഹാം പരിഹസിച്ചു.

Content Highlights: CPIM state committee member KP Udayabhanu has responded after police registered a case over an alleged threat speech against police personnel

dot image
To advertise here,contact us
dot image