

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനിനായുള്ള തിരച്ചില്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. മുങ്ങല്‍ വിദഗ്ധര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്ന് ഷിജിന്റെ ഭാര്യാ സഹോദരി സ്റ്റെഫി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരും രാവിലെ അഞ്ച് മണി മുതല്‍ സംയുക്തമായി തിരച്ചില്‍ നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ എത്തിയെങ്കിലും സ്‌കൂബാ ടീം അംഗങ്ങള്‍ എത്തിയില്ലെന്നും സ്റ്റെഫി പറഞ്ഞു. കോസ്റ്റല്‍ പൊലീസ് പലരേയും ബന്ധപ്പെട്ടിരുന്നുവെങ്കിലും ആരും ഇറങ്ങാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ തിരച്ചില്‍ വൈകുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആളുകള്‍ സ്വന്തം നിലയില്‍ തിരയുന്നുണ്ടെന്നും പ്രതിസന്ധി മറികടന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷിജിന്റെ ഭാര്യാ സഹോദരി പറഞ്ഞു.
'ഫിഷറീസിന്റെ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. സ്‌കൂബാ ടീമിനെ ഇപ്പോഴും വിളിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് പറഞ്ഞത്. രാവിലെ അഞ്ച് മണി മുതല്‍ സ്‌കൂബാ ടീമിനെയും ഉള്‍പ്പെടുത്തി തിരയുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. തിരച്ചില്‍ വൈകുന്നതുകൊണ്ട് ഞങ്ങളുടെ ആളുകള്‍ സ്വന്തം നിലയില്‍ തിരയുന്നുണ്ട്. നിലവില്‍ കടലിലുള്ള മത്സ്യ തൊഴിലാളികളും ഇപ്പോള്‍ ഇറങ്ങിയവരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂബാ ടീം വന്നാലും ഇല്ലെങ്കിലും ഞങ്ങളുടെ രീതിയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷ'; സ്റ്റെഫി പറഞ്ഞു. തിരച്ചില്‍ വേഗത്തിലാക്കണമെന്നും ഷിജിനെ എത്രയും വേഗം കണ്ടെത്തണമെന്നും സ്റ്റെഫി കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥ രൂക്ഷമായതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച ഷിജിന്‍ ഉള്‍പ്പടെയുള്ള മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായത്. നീണ്ടകരയില്‍ നിന്നുള്ള ഗൗതം കൃഷ്ണ, വിഴിഞ്ഞത്ത് നിന്നുള്ള ജോണ്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. എട്ട് ദിവസമായി മൂന്ന് പേരെയും കാണാതായിട്ട്. കാര്യക്ഷമമല്ലാത്ത തിരച്ചിലില്‍ പ്രതിഷേധിക്കുമ്പോഴും ഇന്നെങ്കിലും പ്രിയപ്പെട്ടവരെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഉറ്റവര്‍. നടപടി ഇല്ലാതിരുന്നതോടെ സ്വന്തം നിലയ്ക്ക് സ്‌കൂബ ഡൈവേഴ്സിനെ വെച്ച് തിരച്ചില്‍ നടത്തുകയായിരുന്നു തങ്ങളെന്ന് ഷിജിന്റെ ഭാര്യ നേരത്തെ പറഞ്ഞിരുന്നു. ഷിജിന്റെ സുഹൃത്തുക്കളായ സ്‌കൂബ ഡൈവേഴ്സാണ് കടലില്‍ സ്വന്തം നിലയ്ക്ക് തിരച്ചില്‍ നടത്തിയത്. നീണ്ടകരയിലും, വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
Content Highlights: Family Expresses Displeasure Over Delay in Search for Missing Fisherman Shijin at Muthalapozhi