അർജുൻ ആയങ്കിയെ ഒളിവില്‍ പോകാൻ സഹായിച്ച രണ്ട് കൂട്ടാളികൾ കസ്റ്റഡിയിൽ

അര്‍ജുന്‍ ആയങ്കിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

അർജുൻ ആയങ്കിയെ ഒളിവില്‍ പോകാൻ സഹായിച്ച  രണ്ട് കൂട്ടാളികൾ കസ്റ്റഡിയിൽ
dot image

കൊച്ചി: അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികള്‍ പിടിയില്‍. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂർ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം പൊലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. താന്‍ കീഴടങ്ങില്ല, പറ്റുമെങ്കില്‍ പിടികൂടാം എന്ന് പൊലീസിനെ അര്‍ജുന്‍ ആയങ്കി വെല്ലുവിളിച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. 'വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്' എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.

എന്നാല്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ന്യായീകരണവുമായി ഇന്ന് അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. പൊലീസിനെ താന്‍ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അര്‍ജുന്‍ ആയങ്കി പറഞ്ഞത്. കേസില്‍ ഒളിവില്‍ കഴിയവേയാണ് പ്രതി വിശദീകരണവുമായി എത്തിയിരിക്കുന്നത്. കേസില്‍ കീഴിടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നിട്ടും പൊലീസ് സുഹൃത്തുക്കളെ പിന്തുര്‍ന്ന് എത്തിയെന്നുമാണ് റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവെ അര്‍ജുന്‍ ആയങ്കി ആരോപിച്ചത്.

കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്.

Content Highlight : Two associates of fugitive Arjun Ayanki in custody

dot image
To advertise here,contact us
dot image