

കൊച്ചി: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വിശദീകരണവുമായി പ്രതി അര്‍ജുന്‍ ആയങ്കി. പൊലീസിനെ താന്‍ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അര്‍ജുന്‍ ആയങ്കി പറയുന്നത്. കേസില്‍ ഒളിവില്‍ കഴിയവേയാണ് പ്രതി വിശദീകരണവുമായി എത്തിയിരിക്കുന്നത്. കേസില്‍ കീഴിടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നിട്ടും പൊലീസ് സുഹൃത്തുക്കളെ പിന്തുര്‍ന്ന് എത്തിയെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ന്യായീകരിക്കുന്നത്. കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും ആരോപണമുണ്ട്. വിവാഹ സല്‍ക്കാരം ക്രിമിനല്‍ ഗൂഢാലോചനയാക്കി കേസെടുത്തു. പൊലീസിനെ അപായപെടുത്തുമെന്നല്ല സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും അര്‍ജുന്‍ ആയങ്കി പറയുന്നു. ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു. ഊന്നുകല്‍ CIയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതി വിശദീകരണവുമായി എത്തിയത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അർജുന്‍ ആയങ്കി കഴിഞ്ഞ ദിവസം രംഗത്തെത്തി. വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ് എന്നാണ് രമേഷ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അർജുൻ ആയങ്കിയുടെ വെല്ലുവിളി. 'ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് അഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാൻ, ശേഷം ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കിൽ ഞാൻ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും' എന്നും അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. അല്ലാണ്ട് വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ് എന്ന് വെല്ലുവിളിച്ചാണ് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിച്ചിരിക്കുന്നത്.
ധൈര്യമുണ്ടെങ്കിൽ പൊലീസ് തന്നെ പിടിക്കട്ടെയെന്ന അർജു ആയങ്കിയുടെ വെല്ലുവിളിയോടായിരുന്നു നേരത്തെ രമേശ് ചെന്നിത്തല പ്രതികരിച്ചത്. പൊലീസിനെ വെല്ലുവിളിച്ചവർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാണാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി ആയിട്ടായിരുന്നു രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചു കൊണ്ട് അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയ്യങ്കിക്കെതിരെ വീണ്ടും കേസെടുത്തിരുന്നു. ഊന്നുകൽ പൊലീസാണ് കേസെടുത്തത്. ഊന്നുകൽ CIയെ ഭീഷണിപ്പെടുത്തിയതിലാണ് നടപടി. നേരത്തെ കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അർജുൻ ആയങ്കി വീണ്ടും ഭീഷണിയും വെല്ലുവിളിയും നടത്തിയത്.
കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസം ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്.
അര്‍ജുന്‍ ആയങ്കി പുറത്തുണ്ടെങ്കില്‍ അത് കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അര്‍ജുനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഊന്നുകല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തുകയും ചെയ്തു. പിന്നാലെ താന്‍ കീഴടങ്ങാം എന്ന് സിഐക്ക് അര്‍ജുന്‍ മെസേജ് അയച്ചിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കളെ വേട്ടയാടുന്നു എന്ന് ആരോപിച്ച് ഇപ്പോള്‍ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. അതേസമയം അര്‍ജുന്‍ ആയങ്കിയെ വൈകാതെ പിടികൂടുമെന്നാണ് ഊന്നുകല്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.
Content Highlights: Arjun Ayanki Denies Threatening Police While Remaining Absconding