

തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം ഒഴിവാക്കുന്നതില്‍ വിശദീകരണവുമായി സര്‍ക്കാര്‍. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്നും പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ പൊരുത്തക്കേടുകളുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അര്‍ഹതയില്ലാത്തവര്‍, ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവരെ ഒഴിവാക്കാനാണ് നടപടി. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തില്‍ പറയുന്നു.
ഇന്നലെയാണ് സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ലെന്ന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിരുന്നു.
ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും ലഭിക്കുക. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിൽ ചെലവ് കൂടുതലാണെന്നും ഉത്തരവിലുണ്ട്. ഇനി വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും.
വിതരണം ചെയ്യാതെ ശേഷിക്കുന്ന പെൻഷൻ തുകകൾ സമയബന്ധിതമായി സർക്കാരിന് തിരിച്ചടയ്ക്കുന്നതിലുള്ള കാലതാമസം, സേവന പോർട്ടലിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ യഥാസമയം നടത്തുന്നതിലെ വീഴ്ച, അതുവഴി ഉണ്ടാകുന്ന Reconciliation സംബന്ധമായ ബുദ്ധിമുട്ടുകൾ, ആധാർ അധിഷ്ഠിത പെൻഷൻ വിതരണം പൂർണമായി നടപ്പിലാക്കാത്തതിനാൽ അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയും പെൻഷൻ വിതരണം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നത്, പെൻഷൻ വീടുകളിലെത്തി വിതരണം ചെയ്യുന്നതിനായി സഹകരണ സംഘങ്ങൾക്ക് ഇൻസെൻറീവ് ഇനത്തിൽ വരുന്ന ചെലവ്, വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതി തുടരുന്നതിലൂടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംബന്ധിച്ച കേന്ദ്ര മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ, സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്ന സാഹചര്യം എന്നിവ പരിഗണിച്ചാണ് തീരുമാനം എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ സാധിക്കാത്ത ഗുണഭോക്താക്കൾക്കും ഒഴിച്ച് ബാക്കിയെല്ലാ ഗുണഭോക്താക്കൾക്കും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സിസ്റ്റം വഴിയുള്ള പെൻഷൻ വിതരണം നിർബന്ധമാക്കണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് നൽകിയ കത്ത് പരിഗണിച്ചാണ് തീരുമാനമെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പൂർണ്ണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾ ഒഴികെയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആയി അവരവരുടെ ആധാർ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകൾ മുഖേന അനുവദിക്കുന്നത് തത്ത്വത്തിൽ അംഗീകരിച്ച് ഉത്തരവ് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
അതേസമയം, നേരിട്ട് പെന്‍ഷന്‍ എത്തിക്കുന്ന രീതി നിർത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയ പെന്‍ഷന്‍ വിതരണ പദ്ധതിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Content Highlights:Kerala Government Explains Decision to Discontinue Direct Welfare Pension Distribution