

കെട്ടിടങ്ങളിൽ ലിഫ്റ്റുകളുടെ കൃത്യമായ സുരക്ഷയും വാർഷിക പരിപാലനവും ഉറപ്പാക്കാത്തവർക്കെതിരെ കർശന നടപടിയുമായി അബുദാബി സിവിൽ ഡിഫൻസ്. അംഗീകൃത ഏജൻസികളുമായി വാർഷിക പരിപാലന കരാർ ഇല്ലാത്ത കെട്ടിട ഉടമകൾക്ക് 5,000 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിലുള്ളതും നിലവിൽ നിർമാണം പുരോഗമിക്കുന്നതുമായ എല്ലാ വാണിജ്യ-താമസ കെട്ടിടങ്ങൾക്കും ഈ നിയമം ബാധകമാണ്. എന്നാൽ സ്വകാര്യ വില്ലകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെട്ടിടങ്ങളിലെ മറ്റ് സുരക്ഷാ വീഴ്ചകൾക്കും കനത്ത പിഴയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബോയിലർ മുറികളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതിരിക്കുക, അധികൃതരുടെ അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിക്കുക എന്നിവയ്ക്ക് 10,000 ദിർഹം വീതമാണ് പിഴയീടാക്കുക. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കുന്നത്.
അതേസമയം, ഷോപ്പിങ് മാളുകളിലെ എസ്‌കലേറ്ററുകളിൽ കുട്ടികൾക്കുണ്ടാകുന്ന അപകടങ്ങൾ തടയാൻ കർശന മുൻകരുതലുകൾ എടുക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റിയും കെട്ടിട മാനേജ്‌മെന്റുകൾക്ക് നിർദ്ദേശം നൽകി. എസ്‌കലേറ്ററുകൾക്ക് സമീപം ആവശ്യമായ സുരക്ഷാ ബോർഡുകളും നിരീക്ഷണവും ഉറപ്പാക്കണമെന്നും മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു.
Content Highlights: Abu Dhabi has introduced stricter approval requirements for lifts and advertisements to enhance building safety and ensure compliance with regulations.