

കൊച്ചി: കൊച്ചിന്‍ തുറമുഖത്തിന്റെ പൂട്ടിയിട്ട ക്വാര്‍ട്ടേഴ്‌സില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ 20 ദിവസത്തോളം കഴിയേണ്ടി വന്ന പക്ഷികള്‍ക്കും മീനുകളും ചത്തു. കഴിഞ്ഞമാസം 17 മുതല്‍ ക്വാര്‍ട്ടേഴ്‌സ് അടഞ്ഞുകിടക്കുകയായിരുന്നു. എസ്പിസിഎ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഒടുവില്‍ റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയ്ക്ക് പിന്നാലെയാണ് തുറമുഖ അധികൃതര്‍ ക്വാര്‍ട്ടേഴ്‌സിന്റെ പൂട്ട് തുറന്നത്. അപ്പാഴേക്കും കൂട്ടിലുണ്ടായിരുന്ന കിളികള്‍ രണ്ടെണ്ണം മാത്രമായി അവശേഷിച്ചിരുന്നു. ബാക്കിയെല്ലാം ചത്ത് ഉറുമ്പരിച്ച നിലയിലായിരുന്നു.
കൊച്ചിന്‍ പോര്‍ട്ട് അധികൃതരും പൊലീസുമെത്തിയാണ് ക്വാര്‍ട്ടേഴ്‌സ് തുറന്നത്. മിണ്ടാപ്രാണികളെ ഭക്ഷണം നല്‍കാതെ കൊന്ന അധികൃതര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് എസ്പിസിയെ ആവശ്യപ്പെട്ടു. ക്രെയിന്‍ ഓപ്പറേറ്ററായ തിരുവല്ല സ്വദേശി ബിജിയും ഭാര്യയും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സാണിത്.
'രണ്ട് കൂടുകളിലായി നിറയെ കിളികളെ വളര്‍ത്തിയിരുന്നു. രണ്ട് വര്‍ഷമായി വളര്‍ത്തുന്നതാണ് മെയില്‍ അയച്ച് ഉള്‍പ്പെടെ പരാതി നല്‍കിയതാണ്. എന്നാല്‍ മറുപടി ലഭിച്ചില്ലെന്ന്', ബിജിയുടെ ഭാര്യ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
അയല്‍വാസികള്‍ നല്‍കിയ പരാതിയിലാണ് അധികൃതര്‍ ക്വാര്‍ട്ടേഴ്‌സ് പൂട്ടിപ്പോയത്. പക്ഷികളുടെ ഉടമ ഭക്ഷണം നല്‍കി വന്നിരുന്ന പൂച്ച മുകളിലത്തെ ക്വാര്‍ട്ടേഴ്‌സില്‍ മലവിസര്‍ജ്യം നടത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലായിരുന്നു നടപടി. പരാതിയെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് മാറാന്‍ ബിജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജിയും കുടുംബവും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോയ സമയത്താണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
ജൂലൈ 17ന് താമസക്കാര്‍ പൂട്ടി പോയ ക്വാര്‍ട്ടേഴ്‌സിന്റെ ലോക്കിന് മുകളിലായി മറ്റൊരു പൂട്ട് അധികൃതര്‍ സ്ഥാപിക്കുകയാണ് ഉണ്ടായത്. ക്വാര്‍ട്ടേഴ്‌സിന്റെ ജനലഴികളില്‍ കൂടി ഉള്ളിലുള്ള പക്ഷികളെയും മീനുകളെയും കാണാന്‍ കഴിയുമായിരുന്നു. അയല്‍ക്കാരുമായി ബന്ധപ്പെട്ട് ഉണ്ടായ കേസില്‍ ഇവിടെ നിന്നും ഒഴിയാന്‍ ബിജിയോട് പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റ് താമസസ്ഥലങ്ങള്‍ ലഭിക്കാത്തതിനാല്‍ അവര്‍ ഇവിടെ തുടരുകയായിരുന്നുവെന്ന് എസ്പിസിഎ അധികൃതര്‍ പറഞ്ഞു.
ബിജി അറിയിച്ചതിനെ തുടര്‍ന്നാണ് എസ്പിസിഎ പ്രശ്‌നത്തില്‍ ഇടപെട്ടത്. അയല്‍വാസികളുടെ പരാതി അന്വേഷിക്കാനെത്തിയ സംഘം ബിജി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ജനലിലൂടെ പൂച്ച പോകുന്നത് കണ്ടത് കൊണ്ടാണ് ഇവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണം. പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുറമുഖ അധികൃതര്‍ ഹാജരാകാന്‍ തയ്യാറായില്ലെന്നും പൊലീസ് ഉള്‍പ്പെടെ ഇടപെട്ടിട്ടും സാങ്കേതികത്വം പറഞ്ഞ് അവര്‍ ക്വാര്‍ട്ടേഴ്‌സ് തുറക്കാന്‍ തയ്യാറായില്ലെന്നും എസ്പിസിഎ ആരോപിക്കുന്നു. ആറോളം പക്ഷികളും ധാരാളം മീനുകളും ഇതിനുള്ളിലുണ്ടെന്നും അവയെ കൊണ്ടുപൊയ്‌ക്കോളാം എന്ന് പറഞ്ഞിട്ടും കൊച്ചിന്‍ പോര്‍ട്ട് അധികൃതര്‍ വിമുഖത കാട്ടിയെന്ന് എസ്പിസിഎ അധികൃതര്‍ പ്രതികരിച്ചു.
Content Highlights: Birds and fish didnot survive inside locked quarters at Cochin Port after reportedly being left without food for 20 days. The incident has raised concerns over the care of animals kept inside the premises. The circumstances leading to the prolonged lack of food and the deaths are being reported.