'ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തി എടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ട്'; പ്രകോപന പ്രസംഗവുമായി കെ കെ രാഗേഷ്

പയ്യന്നൂരിലെ അക്രമ കേസില്‍ പൊലീസ് പിടിച്ചത് സിപിഐഎം പ്രവര്‍ത്തകരെയാണെന്ന് വി കുഞ്ഞികൃഷ്ണനും മറുപടി നല്‍കി

'ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തി എടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ട്'; പ്രകോപന പ്രസംഗവുമായി കെ കെ രാഗേഷ്
dot image

കണ്ണൂര്‍: ടി പുരുഷോത്തമന്റെ ഷെഡ് കത്തിച്ചെന്ന കേസില്‍ പ്രതികരണവുമായി കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാര്‍ട്ടിക്ക് ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തി എടുക്കാന്‍ ശേഷിയുണ്ടെന്ന് കെ കെ രാഗേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഒരു പീറ ഷെഡ് കത്തിച്ചിട്ട് മുന്‍ എംഎല്‍എ ആണെന്ന് പ്രചരിപ്പിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോഴുള്ളത് കുഞ്ഞികൃഷ്ണന്റെ സ്വന്തം പൊലീസാണ്. എന്നിട്ടും എന്താണ് അന്വേഷിക്കാത്തത്? സ്വന്തം ആളുകള്‍ പിടിക്കപ്പെടുമെന്ന ഭയമാണോ? പാര്‍ട്ടിക്ക് പുറത്ത് പോയവര്‍ ഉള്ളിലെ കണക്കെടുത്ത് പത്ര സമ്മേളനം നടത്തുന്നത് കണ്ടിട്ടുണ്ടോ', കെ കെ രാഗേഷ് പറഞ്ഞു.

പയ്യന്നൂരില്‍ നാരദന്റെ പണി എടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ കെ രാഗേഷ് പറഞ്ഞു. പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റിയിരുന്നുവെങ്കില്‍ കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് വരുമെന്നും അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ മാറ്റാതിരുന്നതെന്നും കെ കെ രാഗേഷ് പറഞ്ഞു.

കെ കെ രാഗേഷിന്റെ ആരോപണത്തില്‍ മറുപടിയുമായി വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയും രംഗത്തെത്തി. താന്‍ യുഡിഎഫ് അല്ലെന്നും സ്വതന്ത്രനാണെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് പിന്തുണ കൂടി ഉള്ളത് കൊണ്ടാണ് ജയിക്കാന്‍ കഴിഞ്ഞത്. നേരിട്ട് ഇടപെടേണ്ട വിഷയമില്ല. പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ സിപിഐഎമ്മിന് വിശദീകരിക്കാന്‍ സമയം ഇല്ലാഞ്ഞിട്ടല്ലെന്നും സംരക്ഷിക്കാനുള്ള സമീപനമാണ് നടത്തിയതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പയ്യന്നൂരിലെ അക്രമ കേസില്‍ പൊലീസ് പിടിച്ചത് സിപിഐഎം പ്രവര്‍ത്തകരെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വി കുഞ്ഞികൃഷ്ണന് മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തെരഞ്ഞെടുപ്പ്, രക്തസാക്ഷി ഓഫീസ് നിര്‍മാണ ഫണ്ട് എന്നിവയുടെ കണക്ക് വ്യക്തമാക്കിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മാനഹാനിക്ക് നഷ്ടപരിഹാരം വേണമെന്നും 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകം പിന്‍വലിക്കണമെന്നും മധുസൂദനന്‍ ആവശ്യപ്പെട്ടു. വി കുഞ്ഞികൃഷ്ണന് ലഭിച്ച വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content Highlights: CPM Kannur district secretary K K Ragesh has issued a statement regarding the case in which T Purushothaman's shed was allegedly set on fire

dot image
To advertise here,contact us
dot image