

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. ദേവസ്വം സെക്രട്ടറി രാജമാണിക്യം നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിടുകയായിരുന്നു.
മില്‍മയില്‍ നിന്ന് ശബരിമലയിലേക്ക് നെയ്യ് കൊണ്ടു പോയ രീതി ഉള്‍പ്പെടെ അന്വേഷിക്കാനാണ് നീക്കം. ശബരിമലയില്‍ ഉപയോഗിക്കുന്ന നെയ്യുടെ പരിശോധന ഇനിമുതല്‍ ബാച്ച് അടിസ്ഥാനത്തില്‍ നടത്തും. നെയ്യ് പുറത്തുനിന്ന് വാങ്ങിയാല്‍ നിര്‍മ്മാണ കേന്ദ്രം മുതല്‍ എത്തിക്കുന്നത് വരെയുള്ള ഘട്ടം വരെ ഡിജിറ്റല്‍ ട്രാക്കിംഗ് നടത്തും. സപ്ലൈ ഡിജിറ്റല്‍ മൂവ്‌മെന്റ് രജിസ്റ്റര്‍ ഉറപ്പാക്കുമെന്നും മന്ത്രി കെ മുരളീധരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ മതിയായ പരിശോധനയില്ലാതെയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച ഒന്നര ലക്ഷത്തിലേറെ ലിറ്റര്‍ നെയ്യില്‍ ആറ് ബാച്ചുകളിലെ സാംപിള്‍ മാത്രമാണ് പമ്പയില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഗുണനിലവാരമുണ്ടെന്ന് അറിയിപ്പ് ലഭിക്കാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ പാടില്ലെന്ന ചട്ടം ഉദ്യോഗസ്ഥ ഒത്താശയില്‍ മറികടന്നതായി സംശയിക്കുന്നുവെന്നും എം ജി രാജമാണിക്യം മന്ത്രി കെ മുരളീധരന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
അയ്യായിരം ലിറ്റര്‍ വീതം മുപ്പത് ലോഡുകളിലായി ഒന്നര ലക്ഷത്തിലേറെ ലിറ്റര്‍ നെയ്യ് ആണ് പമ്പയില്‍ എത്തിയത്. ഓരോ ലോഡിനും സാംപിള്‍ പരിശോധിക്കണമെന്നിരിക്കെ ഫുഡ് സേഫ്റ്റിയുടെ രേഖകള്‍ പ്രകാരം പരിശോധിച്ചിട്ടുള്ളത് മുപ്പതിന് പകരം ആറ് ലോഡിലെ സാംപിള്‍ മാത്രമാണ്. ഓരോ ബാച്ചിലെയും സാംപിള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷം മാത്രം സന്നിധാനത്തേക്ക് കടത്തിവിടുകയെന്ന പതിവ് നടപ്പായില്ല. വ്യാജ നെയ്യ് വിതരണത്തില്‍ മില്‍മ, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൈകോര്‍ത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദേവസ്വം വിജിലന്‍സും സമാനമായ കണ്ടെത്തലാണ് നടത്തിയത്. ശബരിമലയിലേക്ക് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് തന്നെ ധാരാളമെന്നിരിക്കെ എന്തിന് മില്‍മയില്‍ നിന്നും കരാറെടുത്തു എന്നതിലും ദുരൂഹതയുണ്ട്. ക്രമക്കേട് കണ്ടെത്തിയതോടെ ഭക്തര്‍ കൊണ്ടുവരുന്ന നെയ്യുള്ളപ്പോള്‍ മില്‍മയുടെ നെയ്യ് ശബരിമലയില്‍ വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു.
Content Highlights: The Crime Branch has been entrusted with investigating the alleged irregularities related to Sabarimala ghee