

പത്തനംതിട്ട: ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ മതിയായ പരിശോധനയില്ലാതെയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച ഒന്നര ലക്ഷത്തിലേറെ ലിറ്റര്‍ നെയ്യില്‍ ആറ് ബാച്ചുകളിലെ സാംപിള്‍ മാത്രമാണ് പമ്പയില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഗുണനിലവാരമുണ്ടെന്ന് അറിയിപ്പ് ലഭിക്കാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ പാടില്ലെന്ന ചട്ടം ഉദ്യോഗസ്ഥ ഒത്താശയില്‍ മറികടന്നതായി സംശയിക്കുന്നുവെന്നും ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം മന്ത്രി കെ മുരളീധരന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
അയ്യായിരം ലീറ്റര്‍ വീതം മുപ്പത് ലോഡുകളിലായി ഒന്നര ലക്ഷത്തിലേറെ ലീറ്റര്‍ നെയ്യ് ആണ് പമ്പയില്‍ എത്തിയത്. ഓരോ ലോഡിനും സാംപിള്‍ പരിശോധിക്കണമെന്നിരിക്കെ ഫുഡ് സേഫ്റ്റിയുടെ രേഖകള്‍ പ്രകാരം പരിശോധിച്ചിട്ടുള്ളത് മുപ്പതിന് പകരം ആറ് ലോഡിലെ സാംപിള്‍ മാത്രമാണ്. ഓരോ ബാച്ചിലെയും സാംപിള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷം മാത്രം സന്നിധാനത്തേക്ക് കടത്തിവിടുകയെന്ന പതിവ് നടപ്പായില്ല. വ്യാജ നെയ്യ് വിതരണത്തില്‍ മില്‍മ, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൈകോര്‍ത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദേവസ്വം വിജിലന്‍സും സമാനമായ കണ്ടെത്തലാണ് നടത്തിയത്. ശബരിമലയിലേക്ക് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് തന്നെ ധാരാളമെന്നിരിക്കെ എന്തിന് മില്‍മയില്‍ നിന്നും കരാറെടുത്തു എന്നതിലും ദുരൂഹതയുണ്ട്. ക്രമക്കേട് കണ്ടെത്തിയതോടെ ഭക്തര്‍ കൊണ്ടുവരുന്ന നെയ്യുള്ളപ്പോള്‍ മില്‍മയുടെ നെയ്യ് ശബരിമലയില്‍ വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു. 'കഴിഞ്ഞ സീസണിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ മില്‍മയുടെ നെയ്യ് വേണ്ട എന്ന് തീരുമാനിച്ചു. ആ തീരുമാനം നന്നായി. ഒത്തുകളി ഉണ്ടെങ്കിലും അന്വേഷിക്കട്ടെ. ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. ഇന്നത്തെ ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്യും. ശബരിമലയിലേക്ക് മില്‍മയുടെ നെയ്യ് വേണ്ട. ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അപ്പവും അരവണയും ഉണ്ടാകും', എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പ്രതികരിച്ചത്.
സന്നിധാനത്ത് എത്തിച്ച നെയ്യില്‍ മില്‍മയുടെ ബോട്ടില്‍, പേര്, ബാച്ച് നമ്പര്‍ എന്നിവയിലൊന്നും യാതൊരു പിശകുമില്ല. ഭാവിയിലെ അന്വേഷണത്തെ മറിടക്കാന്‍ സാംപിളിന് മാത്രം ഗുണനിലവാരമുള്ള നെയ്യ് നല്‍കുകയും മറ്റ് ബോട്ടിലുകള്‍ ബോധപൂര്‍വം കടത്തിവിട്ട് സുരക്ഷിതമെന്ന് വരുത്താനുള്ള ശ്രമമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷിക്കുന്നത് ഉചിതമായിരിക്കുമെന്നും ദേവസ്വം വകുപ്പ് സെക്രട്ടറി മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
Content Highlights: An investigation report said fake Milma ghee was transported to Sabarimala due to inadequate inspection procedures at Pampa