

തിരുവനന്തപുരം: കേരള പൊലീസിലെ സംഘടനാ പുനഃക്രമീകരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി. ആഭ്യന്തര വകുപ്പിന്റെ പുനഃക്രമീകരണ ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേരള പൊലീസ് അസോസിയേഷന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി. ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കില്‍ ഹര്‍ജി അപ്രസക്തമാകുമെന്ന് നിരീക്ഷിച്ചാണ് നടപടി.
കെപിഎയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബെഞ്ച് ആഭ്യന്തര വകുപ്പിന് നോട്ടീസയച്ചു. ആഭ്യന്തര വകുപ്പ് നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനവും ഹൈക്കോടതി തടഞ്ഞു. പൊലീസ് അസോസിയേഷന്റെ ആസ്തി വിഭജനത്തിന്റെ അനുപാതം തീരുമാനിച്ചതിന്റെ അടിസ്ഥാനമെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണോ തീരുമാനമെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം നടത്തുന്നതിന് ആവശ്യമായ കാരണങ്ങളൊന്നും പ്രഥമദൃഷ്ട്യാ ഉത്തരവില്‍ കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, പൊലീസ് അസോസിയേഷന്‍, സീനിയര്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. പുതിയ ഭരണസമിതി സെപ്തംബര്‍ 30ന് മുന്‍പ് നിലവില്‍ വരുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. അതുവരെയുള്ള പ്രവര്‍ത്തനത്തിനായിരുന്നു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നത്.
Content Highlights: Kerala High Court has stayed the Home Department's police organisational restructuring order for three weeks, dealing a setback to the state government