

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് എസ്‌ഐടി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാല് തവണയോളം പിഎസ്‌സി ആസ്ഥാനത്ത് എത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പിഎസ്‌സിക്ക് പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 54 മാര്‍ക്കിന്റെ പത്ത് ചോദ്യങ്ങള്‍ എന്തുകൊണ്ട് മൂല്യനിര്‍ണയം നടത്തിയില്ല എന്ന കാര്യമാണ് എസ്‌ഐടി പ്രധാനമായും അന്വേഷിക്കുന്നത്. പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് കെ ശ്യാംകൃഷ്ണന്‍ എന്ന ഉദ്യോഗാര്‍ത്ഥി നല്‍കിയ പരാതിയായിരുന്നു അന്വേഷണത്തിലേക്ക് നയിച്ചത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചത്. അജിതാ ബീഗത്തിന് പുറമേ എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Content Highlights- The Special Investigation Team (SIT) has registered a case to probe alleged irregularities in the PSC examination process in Kerala