ഇവിഎം തട്ടിപ്പ് നടത്തിയ കോണ്‍ഗ്രസ് നേതാവ് തന്നെയും ബന്ധപ്പെട്ടെന്ന് ഷാനവാസ് പാദൂര്‍; ആരോപണം തളളി ബി എം ജമാല്‍

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉദുമയിലെ തെരഞ്ഞെടുപ്പിന്റെ ശോഭ കെടുത്താനുളള ശ്രമമാണെന്നും ജമാല്‍ പറഞ്ഞു

ഇവിഎം തട്ടിപ്പ് നടത്തിയ കോണ്‍ഗ്രസ് നേതാവ് തന്നെയും ബന്ധപ്പെട്ടെന്ന് ഷാനവാസ് പാദൂര്‍; ആരോപണം തളളി ബി എം ജമാല്‍
dot image

കാസര്‍കോട്: ഇവിഎമ്മിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കോണ്‍ഗ്രസ് നേതാവ് അഡ്വ. ബി എം ജമാല്‍ തന്നെയും ബന്ധപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാനവാസ് പാദൂര്‍. ഇവിഎം ഹാക്ക് ചെയ്ത് ഫലം അനുകൂലമാക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും തെരഞ്ഞെടുപ്പ് അട്ടിമറിയാകും എന്നതുകൊണ്ട് താനതിന് വഴങ്ങിയില്ലെന്നും ഷാനവാസ് പാദൂര്‍ പറഞ്ഞു. കാസര്‍കോട് മണ്ഡലത്തിലെ ഫലം അട്ടിമറിച്ചോ എന്ന് സംശയമുണ്ടെന്നും കൃത്യമായ അന്വേഷണം വിഷയത്തില്‍ വേണമെന്നും ഷാനവാസ് പാദൂര്‍ ആവശ്യപ്പെട്ടു. 'ബി എം ജമാലിന്റെ ഭാഗത്തുനിന്നാണ് എന്ന് പറഞ്ഞ് മറ്റൊരാളാണ് എന്നെ ബന്ധപ്പെട്ടത്. നമുക്കിത് ചെയ്യാന്‍ പറ്റും. ബേപ്പൂര്‍ മണ്ഡലത്തിലും തിരുവനന്തപുരത്തും ഇത് ചെയ്തതാണ് എന്നാണ് പറഞ്ഞത്. ജനവിധി അട്ടിമറിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ അത് കേള്‍ക്കാന്‍ പോലും തയ്യാറായില്ല. പണവും ആവശ്യപ്പെട്ടിരുന്നു', ഷാനവാസ് പാദൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അതേസമയം, ആരോപണങ്ങളില്‍ പ്രതികരിച്ച് അഡ്വ. ബി എം ജമാല്‍ രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉദുമയിലെ തെരഞ്ഞെടുപ്പിന്റെ ശോഭ കെടുത്താനുളള ശ്രമമാണെന്നും ജമാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കല്ലട്ര മാഹിന്‍ ഹാജിയെയും എകെഎം അഷ്‌റഫിനെയും ബന്ധപ്പെട്ടിട്ടില്ല എന്നും ഉദുമയില്‍ താന്‍ സജീവമായി ഉണ്ടായിരുന്നെന്നും ജമാല്‍ പറഞ്ഞു. ഈ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് മൂന്ന് സ്ഥാനാര്‍ത്ഥികളും വ്യക്തമാക്കട്ടെ എന്നും ജമാല്‍ വെല്ലുവിളിച്ചു. 'ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ പരിഗണിച്ചു എന്ന വിവരം പുറത്തുവന്നിരുന്നു. അത് തടയാനാണ് ശ്രമം. ഈ ഉമ്മാക്കി കാണിച്ച് എന്നെ തടയാനാകില്ല. പാര്‍ട്ടി തീരുമാനിച്ചാല്‍ ആ സ്ഥാനം വഹിക്കും. സംഘടനാ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ഇവിടെ വിഴുപ്പലക്കാനില്ല', ബി എം ജമാല്‍ പറഞ്ഞു.

'മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന്റെ നോമിനേഷന്‍ തയ്യാറാക്കിയത് എന്റെ ഓഫീസിലെ പാര്‍ട്ട്ണറും അത് നോട്ടറൈസ് ചെയ്തത് ഞാനുമാണ്. മാര്‍ച്ച് 23-നായിരുന്നു അത്. അന്ന് കണ്ടതിന് ശേഷം പിന്നീട് അദ്ദേഹത്തെ കണ്ടിട്ടേയില്ല. കാസര്‍കോട് എംഎല്‍എ കല്ലട്ര മാഹീന്റെ നോമിനേഷന്‍ ഞാന്‍ തയ്യാറാക്കി നോട്ടറൈസ് ചെയ്തത് മാര്‍ച്ച് 22-നാണ്. അന്നത്തെ ദിവസത്തിന് ശേഷം അദ്ദേഹത്തെയും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ഉദുമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആരോപണങ്ങള്‍ പൂര്‍ണമായും ഞാന്‍ നിഷേധിക്കുന്നു. ഉദുമയില്‍ ചീഫ് ഇലക്ഷന്‍ ഏജന്റ് എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെ സ്ഥിരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയാ ടീമിനെ എന്റെ പൂട്ടിക്കിടക്കുന്ന വീട്ടിലാണ് ഞാന്‍ താമസിപ്പിച്ചത്. വാടക പോലും വാങ്ങാതെ. എന്റെ സംഘടനയാണ്, സ്ഥാനാര്‍ത്ഥിയാണ്, 35 വര്‍ഷമായി ജയിച്ചിട്ടില്ലാത്ത മണ്ഡലമാണ് എന്നാണ് കരുതിയത്. ഇങ്ങനൊരു പരാതി ഇല്ല എന്നതാണ് മനസിലാക്കിയത്. ഇത് ഉദുമയിലെ തെരഞ്ഞെടുപ്പിന്റെ ശോഭ കെടുത്താനുളള ശ്രമമാണ്', എന്നാണ് ബി എം ജമാല്‍ പറഞ്ഞത്.

ബി എം ജമാല്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ ഉള്‍പ്പെടെയുളള മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ബന്ധപ്പെട്ടിരുന്നുവെന്നും ഇവിഎം ഹാക്ക് ചെയ്ത് അനുകൂലമായ ഫലമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്നുമാണ് ആരോപണം. ബിജെപി അവര്‍ക്ക് അനുകൂലമായ ഫലം സെറ്റ് ചെയ്തിട്ടുണ്ട്. അത് മറികടന്ന് യുഡിഎഫിന് അനുകൂലമായി റിസള്‍ട്ട് മാറ്റിയെടുക്കാനുളള ഒരു ജര്‍മ്മന്‍ സാങ്കേതിക വിദ്യ തന്റെ പക്കലുണ്ട്. അതിനാവശ്യമായ പണം ചെലവാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലമുണ്ടാക്കാം എന്ന് ജമാല്‍ സ്ഥാനാര്‍ത്ഥികളോട് പറഞ്ഞ് പണം തട്ടിയെന്നാണ് ആരോപണം. എകെഎം അഷറഫ് അതിന് വഴങ്ങിയില്ല. കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് യുഡിഎഫ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

Content Highlights: Shanavas Padoor alleges that a Congress leader approached him regarding EVM tampering, an accusation strongly denied and rejected by BM Jamal.

dot image
To advertise here,contact us
dot image