

കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷയില്‍ ഡിവൈഎസ്പി സുധീര്‍ കല്ലന്‍ കോടതിയില്‍ ഹാജരായി. പ്രതി ഡോ റാമിന്റെ റീ അറസ്റ്റില്‍ കോടതി തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. തലശ്ശേരി എസ്‌സി എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് ഉത്തരവിറക്കുക. ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോര്‍ട്ട് പ്രതിക്ക് നല്‍കിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അറസ്റ്റ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിഭാഗവും പറഞ്ഞിട്ടുണ്ട്. ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോടതി പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സുധീര്‍ കല്ലന്‍. അറസ്റ്റിലെ വീഴ്ചയില്‍ നേരിട്ട് വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.
ഇന്നലെ രൂക്ഷവിമര്‍ശനമാണ് ഡിവൈഎസ്പിക്കെതിരെ ഹൈക്കോടതി നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ എന്നായിരുന്നു ജസ്റ്റിസ് എ ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഡോ. എംകെ റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇതെന്നും പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിയെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പിയെന്നും കോടതിയുടെ വിമര്‍ശനമുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനും ക്രൈബ്രാഞ്ച് എസ്പിയും നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
നിതിന്‍ രാജിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കുടകില്‍വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ കോടതി വളപ്പില്‍ നിന്ന് വീണ്ടും റാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ തലശ്ശേരി കോടതി സാക്ഷ്യം വഹിച്ചത് നാടകീയ നീക്കങ്ങള്‍ക്കായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച റാമിനെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചില്ലെന്നാണ് റാം അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം പറഞ്ഞിരുന്നു.
Content Highlights: The Thalassery SC/ST Special Court is expected to rule on the plea seeking the re-arrest of Dr. M.K. Ram in the Nithin Raj case. DYSP Sudheer Kallan appeared before the court to explain the circumstances surrounding the earlier arrest, while the prosecution and defence presented their arguments.