

വിജയ്‌യുടെ അവസാന ചിത്രമായ ജന നായകൻ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഏറെ നാൾ നീണ്ട റിലീസ് പ്രതിസന്ധികൾക്ക് ശേഷമാണ് ജന നായകൻ തിയേറ്ററിലെത്തിയത്. ചിത്രം വിജയ് ഫാൻസ് തിയേറ്ററുകളിൽ ആഘോഷപൂർവ്വമാണ് വരവേറ്റത്. വിജയ് നായകനായി എത്തുന്ന ഒരു സിനിമ ഇനി തങ്ങൾക്കൊരിക്കലും FDFS കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം കൂടി ആരാധകർ സിനിമ കഴിഞ്ഞ ശേഷം പങ്കുവെക്കുന്നുണ്ട്.
അതേസമയം, സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. വിജയ്‌യുടെ പെർഫോമൻസും മമിത ബൈജുവിന്റെ സീനുകളുമെല്ലാം കയ്യടി നേടുന്നുണ്ടെങ്കിലും സിനിമാ സാധാരണ രക്ഷകൻ ടെംപ്ലേറ്റിന്റെ വികലമായ രൂപമാണ് എന്നാണ് ചില പ്രതികരണങ്ങൾ. സിനിമ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം ലക്ഷ്യം വെച്ച് തന്നെയുള്ളതാണെന്നും ഡയലോഗുകളിൽ അവ തെളിഞ്ഞു നിൽക്കുന്നുണ്ട് എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ബാലയ്യയുടെ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ കഥയിലെ ചില ഭാഗങ്ങൾ ജന നായകനിൽ ഉണ്ടെങ്കിലും സിനിമ പൂർണമായും ആ രീതിയിലാണ് സഞ്ചരിക്കുന്നത് എന്നും പ്രേക്ഷകർ വ്യക്തമാക്കുന്നുണ്ട്. സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങൾ ഉയരുന്നുണ്ടെങ്കിലും അതൊന്നും കളക്ഷനെ ബാധിക്കില്ലെന്ന് പറയുന്നവരും ഏറെയാണ്.
ജന നായകൻ റെക്കോർഡ് കളക്ഷൻ നേടുമെന്നും സിനിമ കാണാനായി വിജയ് ആരാധകർ മാത്രമല്ല സിനിമാപ്രേമികൾ മുഴുവൻ എത്തുമെന്നും നിരവധി പേർ പറയുന്നുണ്ട്. സിനിമയ്ക്കായി അനിരുദ്ധ് ഒരുക്കിയ പാട്ടുകളും സ്‌കോറുമെല്ലാം പക്കാ തിയേറ്റർ എക്‌സ്പീരിയൻസ് നൽകുന്നു എന്ന് പറയുന്നവരും ഏറെയാണ്.
എച്ച് വിനോദ് സംവിധാനം ചെയ്ത ജന നായകൻ കെവിഎൻ പ്രൊഡക്ഷൻസാണ് നിർമിച്ചിരിക്കുന്നത്. വിജയ്, മമിത ബൈജു എന്നിവരെ കൂടാതെ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Content Highlights: Vijay's new movie Jana Nayagan gets mixed theatre response