

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ലേഖന വിവാദത്തില്‍ കെ ആര്‍ അജയനെതിരെ നടപടി. വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റി. ടി ചന്ദ്രമോഹനാണ് പകരം ചുമതല. കെ ആര്‍ അജയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് ദേശാഭിമാനി മാനേജ്‌മെന്റിന്റെ നടപടി. വാരാന്തപ്പതിപ്പ് പുറത്തിറങ്ങാത്തത് വലിയ വിവാദമായതിന് പിന്നാലെ അജയനെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം വിശദീകരണം ആവശ്യപ്പെട്ട് കെ ആര്‍ അജയന് പാര്‍ട്ടി നോട്ടീസ് നല്‍കിയിരുന്നു. തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നായിരുന്നു അജയന്‍ നല്‍കിയ മറുപടി. ഈ മറുപടി തൃപ്തികരമല്ലെന്നാണ് വിലയിരുത്തല്‍. വിഷയം പുറത്തുവന്നതില്‍ അജയന് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ ആടക്കം പരിശോധിക്കാന്‍ നീക്കമുണ്ട്. കള്ളന്‍ വിജയന്‍ എന്ന ഫീച്ചര്‍ ഒഴിവാക്കണമെന്ന് അജയനോട് അതിന്റെ സോഫ്റ്റ് കോപ്പി കണ്ടപ്പോള്‍ തന്നെ നിര്‍ദേശിച്ചിരുന്നെന്നാണ് വിവരം. എന്നാല്‍ ആ ഫീച്ചര്‍ നല്‍കണമെന്നും അതില്‍ പാര്‍ട്ടി വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു അജയന്റെ നിലപാട്. ഈ തര്‍ക്കം നിലനിന്നത് മൂലമാണ് മറ്റൊന്ന് ഉള്‍ക്കൊള്ളിച്ച് വാരാന്തപ്പതിപ്പ് പുറത്തിറക്കാന്‍ കഴിയാതിരുന്നത്. അതിന്റെ വാശിയില്‍ ഉള്ളടക്കത്തെ കുറിച്ചുള്ള വിവരം അജയന്‍ പുറത്തു വിട്ടതാണോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.
ഞായറാഴ്ച പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് പുറത്തുവരാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. വിഎസിന്റെ ഓര്‍മ്മദിവസത്തോടനുബന്ധിച്ചുള്ള ലേഖനം ഉള്‍പ്പെട്ട പതിപ്പാണ് പുറത്തിറങ്ങാതിരുന്നതെന്നത് വിവാദത്തിന്റെ ശക്തി കൂട്ടി. ഇതിന് പിന്നാലെ 'കള്ളന്‍ വിജയന്‍' എന്ന ലേഖനം വന്നതിനാലാണ് വാരാന്തപ്പതിപ്പ് പുറത്തിറക്കാത്തതെന്ന് അനൗദ്യോഗിക വിശദീകരണവും പുറത്തുവന്നിരുന്നു.
വാരാന്തപ്പതിപ്പ് വിവാദത്തില്‍ റസിഡന്റ് എഡിറ്റര്‍ എം സ്വരാജ് നല്‍കിയ വിശദീകരണത്തെ തള്ളുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നത് വസ്തുതയാണെന്നും സാങ്കേതിക പ്രശ്‌നം മൂലമാണ് അച്ചടിക്കാതിരുന്നതുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ നല്‍കിയതെന്നും കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ലെന്നും എം സ്വരാജ് പറഞ്ഞിരുന്നു. എന്നാല്‍ എം സ്വരാജിന്റെ അവകാശവാദത്തിനെതിരെ നാടക പ്രവര്‍ത്തകന്‍ വിജയന്‍ രംഗത്തെത്തി. ഫീച്ചര്‍ ചെയ്യുന്നതിനായി ദേശാഭിമാനിയില്‍ നിന്നും രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് മടങ്ങിയതെന്നും വിജയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൂടാതെ ഫീച്ചറിന്റെ പൂര്‍ണ രൂപം ലേഖകന്‍ ടി സി രാജേഷ് ഇന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
Content Highlights: Action has been taken against K. R. Ajayan in connection with the Deshabhimani weekly controversy, and he has been removed from his responsibilities.