

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ജാമ്യമെടുത്ത് സിപിഐഎം. കേസില്‍ 68-ാം പ്രതിയായ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദറാണ് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരായത്. മറ്റ് 11 പ്രതികളും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി ഹാജരാകണമെന്ന് നേരത്തെ തന്നെ കോടതി നിര്‍ദേശിച്ചിരുന്നു.
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഇ ഡി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ 28 പ്രതികളാണുള്ളത്. പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് വിലയിരുത്തിയ കോടതി വിചാരണ നേരിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി മുഴുവന്‍ പ്രതികള്‍ക്കും സമന്‍സ് അയച്ചെങ്കിലും കേസിലെ 68 ആം പ്രതിയായ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ആരും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. കേസില്‍ പാര്‍ട്ടിയെ പ്രതിചേര്‍ത്തത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും നിയമപരമായി നേരിടുമെന്നും അബ്ദുല്‍ഖാദര്‍ പ്രതികരിച്ചു.
കഴിഞ്ഞതവണ ഹാജരാകാത്ത മറ്റ് 11 പ്രതികളും കോടതിയില്‍ ഹാജരായി. സിപിഐഎമ്മിന്റെ പ്രധാന നേതാക്കളായ കെ രാധാകൃഷ്ണന്‍ എംപി, എസി മൊയ്തീന്‍ എംഎല്‍എ, മുന്‍ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് അടക്കമുള്ളവര്‍ ഈ മാസം നാലിന് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ അറിവോടുകൂടിയാണ് തട്ടിപ്പ് നടന്നതെന്നും ബിനാമി വായ്പകള്‍ അനുവദിച്ചതിന്റെ കമ്മീഷന്‍ പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.
Content Highlights: CPI(M), named as the 68th accused in the Karuvannur money laundering case, secured bail before the PMLA Court in Kaloor through Thrissur District Secretary K.V. Abdul Khader. The court had earlier directed the party to be represented by its district secretary, while 11 other accused also appeared and were granted bail.