ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി; പാലാ 'കൈ'വിട്ടു

അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചു

ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി; പാലാ 'കൈ'വിട്ടു
dot image

കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു.

പിന്നാലെ അവിശ്വാസ പ്രമേയത്തെ അംഗീകരിക്കുന്നതായി ദിയ പ്രതികരിച്ചു. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ടെന്നും അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണെന്നും ദിയ പറഞ്ഞു.

'ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു. അതോടൊപ്പം, പാലായിലെ ജനങ്ങളോട് ചില കാര്യങ്ങൾ വിനയപൂർവ്വം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സർക്കാർ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും അതിനെ പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. അതിൽ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട്. പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല, മൂല്യങ്ങളാണ്', ദിയ പ്രസ്താവനയിൽ പറഞ്ഞു.

പദവികൾ വരും, പോകും. എന്നാൽ സത്യസന്ധതയും മൂല്യങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണ്. ആ മൂല്യങ്ങളോടൊപ്പം തന്നെയാണ് താൻ ഇനിയും പൊതുരംഗത്ത് പ്രവർത്തിക്കുകയെന്നും പാലായിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ദിയ വ്യക്തമാക്കി.

കോൺഗ്രസിന്റെ ഭരണം പാലായിലുണ്ടാകുമെന്നും ഒരാൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടോണി തൈപ്പറമ്പില്‍ പ്രതികരിച്ചു. 'അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിപോലും ഞങ്ങളുടെ വാർഡുകളിൽ ചെയ്യരുതെന്ന് പറഞ്ഞ ഒരു ചെയർപേഴ്സണോട് ഞങ്ങളെന്ത് പറയണം? പാലായില്‍ എവിടെയാണ് വികസനമുണ്ടായത് കല്ലില്‍ കൊത്തിയ ഒരു വികസനം എവിടെയെങ്കിലുമുണ്ടോ? ദിയ ബിനു പുളിക്കകണ്ടത്തിന്റെ പേരെഴുതിയ പ്രൊജക്ട് എവിടെയെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം', അദ്ദേഹം കൂട്ടിച്ചേർത്തു.

 യുഡിഎഫ് ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ പുളിക്കകണ്ടത്തിനെതിരെ ഇടതുപക്ഷമാണ് അവിശ്വാസം കൊണ്ടുവന്നത്.

പാലാ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിനു പുളിക്കകണ്ടവും മകള്‍ ദിയാ ബിനു പുളിക്കകണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ടേമില്‍ ചേയര്‍പേഴ്സണ്‍ സ്ഥാനം ദിയയ്ക്ക് നല്‍കുകയായിരുന്നു.

Content Highlights: no confidence motion passed against diya pulikkakkandath

dot image
To advertise here,contact us
dot image