വിഴിഞ്ഞം സ്വര്‍ണ്ണപ്പണയ സ്ഥാപനത്തിലെ തട്ടിപ്പ്: അന്വേഷണം ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കൈമാറി

പ്രതി സിന്ധു കുമാരിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

വിഴിഞ്ഞം സ്വര്‍ണ്ണപ്പണയ സ്ഥാപനത്തിലെ തട്ടിപ്പ്: അന്വേഷണം  ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കൈമാറി
dot image

തിരുവനന്തപുരം: വിഴിഞ്ഞത്തെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ആത്മഹത്യ കേസിന്റെ അന്വേഷണം ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കൈമാറി. പ്രതി സിന്ധു കുമാരിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിഴിഞ്ഞം പൊലീസ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഡിസിആര്‍ബിക്ക് കൈമാറിയിട്ടുണ്ട്.

സിന്ധുവിന് ഒറ്റയ്ക്ക് ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ കഴിയുമോയെന്ന് അന്വേഷണ സംഘം സംശയം ഉയര്‍ത്തിയിരുന്നു. സിന്ധുവിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും. കേസില്‍ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനായി ബാങ്കുകളില്‍ അപേക്ഷ നല്‍കി. സിന്ധുവിന് അക്കൗണ്ട് ഉള്ള ബാങ്കുകളില്‍ ആണ് അപേക്ഷ നല്‍കിയത്. സിന്ധുവിനെതിരെ ലഭിച്ച മറ്റു പരാതികളിലും ഊര്‍ജിതമായ അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ജോലി ചെയ്യുന്ന സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ നിന്നും ജീവനക്കാരികളായ ഐശ്വര്യയും അഞ്ജുവും കേസിലെ പ്രതിയും പരിചയക്കാരിയുമായ സിന്ധുവിന് 70 പവന്‍ സ്വര്‍ണ്ണം എടുത്തുനല്‍കുകയായിരുന്നു. പണയംവെച്ച സ്വര്‍ണം തിരികെയെടുക്കാന്‍ ഉടമസ്ഥര്‍ സ്ഥാപനത്തില്‍ എത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ഇതിനകം യുവതികളില്‍ നിന്ന് സ്വര്‍ണ്ണം കൈക്കലാക്കിയ സിന്ധു രാജ്യം വിട്ടിരുന്നു. അഞ്ജുവില്‍ നിന്നും 20 പവനും ഐശ്വര്യയില്‍ നിന്നും 50 പവന്‍ സ്വര്‍ണ്ണവുമാണ് സിന്ധു കൈക്കലാക്കിയത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ കടുത്തമാനസിക സമ്മര്‍ദ്ദത്തില്‍ ഐശ്വര്യയും അഞ്ജുവും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇരുവരും ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

ജൂലൈ നാല് ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് പ്രതി സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും വിഴിഞ്ഞം പൊലീസിന് നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ പേര്‍ പ്രതിക്കെതിരെ പരാതികളുമായി രംഗത്തെത്തി. സിന്ധു നേരത്തെയും നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ്.

Content Highlights: The investigation into the deaths of employees at a gold loan institution in Vizhinjam has been handed over to the Crime Records Bureau. The move is expected to facilitate a more detailed probe into the case.

dot image
To advertise here,contact us
dot image