കള്ള് ഷാപ്പുകളുടെ വ്യാജ ലൈസന്‍സ്; റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ ഇടപെട്ട് എക്‌സൈസ് മന്ത്രി

ലൈസന്‍സ് മാത്രമല്ല ഇത്തരം ഷാപ്പുകളിലെ കള്ള് തന്നെ വ്യാജമാണെന്ന് റിപ്പോര്‍ട്ടർ ഇന്ന് വാര്‍ത്ത പുറത്തുവിട്ടിരുന്നു

കള്ള് ഷാപ്പുകളുടെ വ്യാജ ലൈസന്‍സ്; റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ ഇടപെട്ട് എക്‌സൈസ് മന്ത്രി
dot image

കൊച്ചി: കള്ള് ഷാപ്പ് ലൈസന്‍സിനായി വ്യാജരേഖ സമര്‍പ്പിച്ചെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് എക്‌സൈസ് വകുപ്പ്. വിഷയത്തില്‍ നടപടികള്‍ ആരംഭിച്ചു. എക്സൈസ് കമ്മീഷണറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്ന് മന്ത്രി എം ലിജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കള്ളിന്റെ ഗുണനിലവാരം പരിശോധിക്കാനും നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയിരികികുന്നത്.

എന്നാല്‍ ലൈസന്‍സ് മാത്രമല്ല ഇത്തരം ഷാപ്പുകളിലെ കള്ള് തന്നെ വ്യാജമാണെന്നാണ് റിപ്പോര്‍ട്ടർ അന്വേഷണത്തില്‍ വ്യക്തമായത്. പെര്‍മിറ്റെടുത്ത പാലക്കാട്ടെ തോട്ടത്തിലും ഇവര്‍ കള്ളു ചെത്തുന്നില്ലെന്ന് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷാപ്പുടമ എ വി ശശി 65 തെങ്ങിന് പെര്‍മിറ്റ് എടുത്തെങ്കിലും ഒന്നുപോലും ചെത്തുന്നില്ലെന്ന് തോട്ടമുടമ മുത്തുകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മൂവാറ്റുപുഴയിലെ തോട്ടങ്ങളിലും ഈ ഷാപ്പുകള്‍ക്ക് വേണ്ടി കള്ള് ചെത്തുന്നില്ലെന്ന് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

65 തെങ്ങുകള്‍ക്ക് ട്രീ ടാക്‌സ് അടക്കം അടച്ചാണ് പെര്‍മിറ്റ് വാങ്ങിയിരിക്കുന്നത്. ഏപ്രില്‍ ഒന്നാം തീയതി മുതലായിരുന്നു കള്ള് ചെത്ത് ആരംഭിക്കേണ്ടത്. എന്നാല്‍ കള്ള് ചെത്ത് നടക്കാതെ കഴിഞ്ഞ മൂന്ന് മാസമായി ഷാപ്പില്‍ പാലക്കാട് നിന്നാണെന്ന് പറഞ്ഞ് കള്ളെത്തുന്നുണ്ടെന്നതാണ് പ്രധാന കണ്ടെത്തല്‍. തോട്ടങ്ങളില്‍ ചെത്ത് പോലുമില്ലാതെ ഷാപ്പുകളില്‍ കള്ള് എത്തുന്നത് എവിടെ നിന്നാണ് എന്നതാണ് ഉയരുന്ന ചോദ്യം. കൂടാതെ പാലക്കാട് നിന്നെത്തുന്ന കള്ള് വ്യാജമാണോ എന്ന് കണ്ടെത്താന്‍ യാതൊരു വിധ പരിശോധയും നടക്കുന്നില്ല എന്നതും പ്രധാനമാണ്.

കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് പാലക്കാട്ടേയും മൂവാറ്റു പുഴയിലേയും തോട്ടങ്ങളിലാണ് ലൈസന്‍സ് എന്ന അവകാശവാദവുമായി ഷാപ്പുടമകള്‍ രംഗത്ത് വന്നത്. എന്നാല്‍ ഇവിടെയും കള്ള് ചെത്ത് നടക്കുന്നില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. മരിച്ച ആളുകളുടെ പേരിലടക്കമായിരുന്നു സമ്മത പത്രം. മൂവാറ്റുപുഴ റേഞ്ചില്‍ ഒന്‍പതാം ഗ്രൂപ്പിലെ ഷാപ്പുകളുടെ ലൈസന്‍സിനായി സമര്‍പ്പിച്ച 14 സമ്മതപത്രങ്ങളില്‍ ഒരേ കയ്യക്ഷരമാണെന്നും വ്യക്തമായിരുന്നു. സമ്മതപത്രത്തില്‍ 10 പനകളുണ്ടെന്ന് പറഞ്ഞ തോട്ടത്തില്‍ പോയാല്‍ ഒരു പന പോലുമില്ലെന്നും കണ്ടെത്തിയിരുന്നു. ചെത്തുന്ന തെങ്ങുകള്‍ക്കും പനകള്‍ക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നമ്പര്‍ ഇട്ടു നല്‍കണം എന്നാണ് നിയമം. എന്നാല്‍ എല്ലാം അട്ടിമറിക്കപ്പെട്ടു. രേഖകളില്‍ പറയുന്ന തോട്ടങ്ങളില്‍ കള്ള് ചെത്തല്‍ നടക്കുന്നില്ല എന്നതും വ്യക്തമായിരുന്നു.

Content Highlights: The Excise Department has begun action after reports of alleged fake documents being submitted for a toddy shop licence. Minister M Liju said a detailed report has been sought from the Excise Commissioner, assured strict action against those responsible, and said steps would also be taken to assess toddy quality.

dot image
To advertise here,contact us
dot image