

പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് ബലാത്സംഗക്കേസ് പ്രതിയും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും. മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞായിരുന്നു മര്‍ദ്ദിക്കാനുള്ള ശ്രമം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഇതില്‍ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. രാജന്‍ ജോസഫിനെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ച് കയറ്റുന്ന ദൃശ്യങ്ങളും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജന്‍ ജോസഫിനെതിരെ പരാതി നല്‍കിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു.
ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നാണ് അടൂര്‍ പൊലീസ് രാജന്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജന്‍ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Content Highlights: attack attempt Rajan Joseph near police station by group linked to Rahul Mamkootathil