നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

സംഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കം കോടതി തടഞ്ഞെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു

നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ
dot image

കൊച്ചി: താരസംഘടനയായ 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ലെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍. സംഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കം കോടതി തടഞ്ഞെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.

രാജിവെയ്ക്കരുതെന്നും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പോരാടണമെന്നും മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞുവെന്നും നന്ദിയറിയിക്കുന്നുവെന്നും നടി വ്യക്തമാക്കി. ഭൂരിപക്ഷം വരുന്ന അംഗങ്ങളാണ് അമ്മയുടെ പ്രവര്‍ത്തനം തീരുമാനിക്കേണ്ടത്. കമ്മിറ്റിയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുപ്പിലൂടെ വരണം. പിന്‍വാതില്‍ വഴിയല്ല വരേണ്ടതെന്നും ശ്വേത വിമർശിച്ചു.

ശ്വേതയുടെ കുറിപ്പ്

'സത്യമേവ ജയതേ. AMMA യിലെ ചില തര്‍ക്കങ്ങള്‍ മുതലെടുത്ത് AMMA യെ hijack ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവെക്കരുതെന്നും, എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ Mammookkaയ്ക്കും Laletta നും, ഈ പോരാട്ടത്തില്‍ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ AMMA മെമ്പര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. NB - ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല AMMA എങ്ങനെ function ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. AMMAയുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്. ശരിക്കും അമ്മയുടെ കമ്മിറ്റിയില്‍ വരാന്‍ ആഗ്രഹമുള്ളവര്‍ ഞങ്ങളെപ്പോലെ ഇലക്ഷനില്‍ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിന്‍വാതിലിലൂടെയോ ഓടിളക്കിയോ അല്ല.', ശ്വേത മേനോൻ വ്യക്തമാക്കി.

ഇന്നലെയാണ് AMMA അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം എറണാകുളം മുൻസിഫ് കോടതി തടഞ്ഞത്. ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ കമ്മിറ്റ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതിന് തടസങ്ങൾ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു. ശ്വേതാ മേനോന്റെ ഹർജിയിലായിരുന്നു കോടതി ഉത്തരവ്.

അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന വാദം നിലനിൽക്കുമെന്ന് മുൻസിഫ് കോടതി നിരീക്ഷിച്ചു. വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നാണ് മുൻസിഫ് കോടതി ചൂണ്ടിക്കാണിച്ചത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇടക്കാല ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്കും മുൻസിഫ് കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. AMMA അഡ്ഹോക് കമ്മിറ്റി കൺവീനർ രമേശ് പിഷാരടി എംഎൽഎക്ക് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രമേശ് പിഷാരടി 10 ദിവസത്തിനകം മറുപടി നൽകണമെന്നും ഇടക്കാല ഉത്തരവിൽ എറണാകുളം മുൻസിഫ് കോടതി നിർദ്ദേശിച്ചിരുന്നു.

പിന്നാലെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രമേശ് പിഷാരടി രാജിവെച്ചിരുന്നു. ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നുമായിരുന്നു പിഷാരടി പ്രതികരിച്ചത്. ശ്വേതാ മേനോനുമായുളള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അംഗത്വത്തില്‍ നിന്നുപോലും രാജി പ്രഖ്യാപിച്ച ഒരാളുടെ ഹര്‍ജിയില്‍ എങ്ങനെയാണ് സ്റ്റേ വരുന്നതെന്ന് തനിക്ക് വേണമെങ്കില്‍ ചോദിക്കാമെന്നും എന്നാല്‍ അത്തരം നിയമപോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും രമേശ് പിഷാരടി വ്യക്തമാക്കിയിരുന്നു.

Content Highlights: Shwetha Menon Says Court Blocked Attempt to Hijack AMMA, Thanks Supporters

dot image
To advertise here,contact us
dot image