കുടുക്കാന്‍ ആസൂത്രിത ശ്രമം; ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളില്‍ ചെയര്‍മാന് ഉത്തരവാദിത്തമില്ല: ആര്‍ ചന്ദ്രശേഖരന്‍

' 2008ല്‍ നല്‍കിയ പരാതി അന്നത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്ത് ധനവകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചതാണ്. അന്നത്തെ സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം കുറേ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി'

കുടുക്കാന്‍ ആസൂത്രിത ശ്രമം; ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളില്‍ ചെയര്‍മാന് ഉത്തരവാദിത്തമില്ല: ആര്‍ ചന്ദ്രശേഖരന്‍
dot image

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ഉദ്യോഗസ്ഥ വീഴ്ചയെ ബോര്‍ഡിന്റെ വീഴ്ചയായി കാണിച്ച് തങ്ങളെ കുടുക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്ന് കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍. ഏത് തീരുമാനം എടുക്കുമ്പോഴും ഡയറക്ടര്‍ ബോര്‍ഡിനാണ് പൂര്‍ണ്ണ അധികാരം. ഏകകണ്ഠമായ തീരുമാനങ്ങളില്‍ ചെയര്‍മാന്‍ ഉത്തരവാദിയല്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. നാല് ട്രേഡ് യൂണിയന്‍, സര്‍ക്കാര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് ബോര്‍ഡ്. 2008ല്‍ നല്‍കിയ പരാതി അന്നത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്ത് ധനവകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചതാണ്. അന്നത്തെ സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം കുറേ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. ഇതൊരു അന്താരാഷ്ട്ര കൊള്ളയാണെന്ന രീതിയിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

പ്രോസിക്യൂട്ട് ചെയ്യാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു. കൃത്യമായി വിസ്തരിക്കപ്പെടട്ടെ. തെറ്റ് ചെയ്‌തെങ്കില്‍ താന്‍ ശിക്ഷിക്കപ്പെടട്ടെ. പ്രോസിക്യുഷന്‍ അനുമതി കൊടുക്കരുത് എന്ന് പറഞ്ഞ് ആരെയും സമീപിച്ചിട്ടില്ല. അനുമതി കൊടുക്കണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ തീരുമാനമാണ്. ഐഎന്‍ടിയുസി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനാണോ എന്ന് തീരുമാനിക്കേണ്ടത് സംഘടനയാണെന്നും ചന്ദ്രേശേഖരന്‍ പറഞ്ഞു.

ഹൈക്കോടതി അന്ത്യശാസനം നല്‍കിയ പശ്ചാത്തലത്തിലാണ് കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ സിബിഐക്ക് സര്‍ക്കാര്‍ പ്രൊസിക്യൂഷന്‍ അനുമതി നല്‍കിയത്. അനുമതി ഉത്തരവ് സര്‍ക്കാര്‍ അടുത്ത ബുധനാഴ്ച ഹാജരാക്കണം. ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ മുന്‍ എംഡി കെഎ രതീഷുമാണ് കേസിലെ പ്രതികള്‍. സിബിഐക്ക് പ്രൊസിക്യൂഷന്‍ അനുമതി നല്‍കിയെന്ന് വ്യവസായ വകുപ്പിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ അനുമതി ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് അനുമതി ഉത്തരവ് നേരിട്ട് ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അടുത്ത ബുധനാഴ്ച വരെ സാവകാശം നല്‍കി. കൊല്ലം സ്വദേശിയായ ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. കോടതിയലക്ഷ്യ നടപടി നേരിടുന്ന വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന്റെ മാപ്പപേക്ഷയും സിംഗിള്‍ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.

Content Highlights: R Chandrasekharan Alleges Conspiracy to Frame Board in Cashew Development Corporation Corruption Case

dot image
To advertise here,contact us
dot image