

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയില്‍ ബ്രാന്‍ഡിങ് ലോഗോ പതിപ്പിക്കുന്നതിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ എതിര്‍ത്തെന്നത് വ്യക്തമാക്കുന്ന കത്തിന്റെ പകർപ്പ് റിപ്പോര്‍ട്ടറിന്. ലോഗോ പതിപ്പിക്കുന്നതിനെ എതിര്‍ത്ത് കഴിഞ്ഞ സര്‍ക്കാര്‍ രണ്ട് തവണ കേന്ദ്രത്തിന് നല്‍കിയ കത്താണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. ലോഗോകള്‍ നിര്‍ബന്ധമാക്കുന്നത് ഗുണഭോക്താക്കളുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും ബാധിക്കും എന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ഭവന പദ്ധതികളില്‍ പോലും ഇത്തരത്തില്‍ ബ്രാന്‍ഡിങ് നടത്തുന്നില്ലെന്നും കത്തില്‍ പറയുന്നു.
ദാനം ലഭിച്ചു എന്ന തോന്നല്‍ ഉണ്ടാക്കുമെന്നും കത്തില്‍ മുന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 2023 നവംബറിലാണ് ആദ്യമായി സര്‍ക്കാര്‍ ബ്രാന്‍ഡിങ്ങിനെ എതിര്‍ത്ത് കത്തയച്ചത്. അന്നത്തെ വകുപ്പ് മന്ത്രി എം ബി രാജേഷാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിക്കാണ് കത്ത് നല്‍കിയത്. 2024 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ലോഗോകള്‍ പതിപ്പിക്കുന്നതിനെ എതിര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു.
അതേസമയം പിഎംഎവൈ ലോഗോ വെക്കുന്നത് നല്ലതാണെന്ന അഭിപ്രായമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ എം ഷാജി പ്രതികരിച്ചു. ഇടത് സര്‍ക്കാരിന്റെ കാലത്തും വീടുകളില്‍ ലോഗോ വെച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെടരുതെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. പിഎംഎവൈ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.
'വീടുകളുടെ മുകളില്‍ ബോര്‍ഡ് വയ്ക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടുക്കുന്ന വീടുകളില്‍ പോലും ബോര്‍ഡ് വയ്ക്കുന്നതിനെ ഞാന്‍ എതിര്‍ക്കുകയാണ്. വയനാട്ടില്‍ ലീഗ് നല്‍കിയ വീടുകളിലും ബോര്‍ഡ് വെച്ചിട്ടില്ല. പരിശോധനയ്ക്ക് വേണ്ടി ലോഗോ വെച്ചിട്ട് നീക്കി എന്ന് പറയുന്നത് തെറ്റല്ലേ', ഷാജി ചോദിച്ചു.
പിഎംഎവൈയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് കഴിഞ്ഞ ദിവസം തന്നെ മന്ത്രി വ്യക്തമാക്കിയിരുന്നു. ലോഗോയില്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും പാവപ്പെട്ട മനുഷ്യര്‍ക്ക് കിട്ടുന്ന വീടുകള്‍ ലോഗോയുടെ പേരില്‍ മുടക്കേണ്ടതില്ലെന്നും ഷാജി പറഞ്ഞു. 'ഫോട്ടോ വയ്ക്കാനാകില്ല എന്ന് പറഞ്ഞാണ് കഴിഞ്ഞ സര്‍ക്കാര്‍ പിഎംഎവൈ പദ്ധതി എതിര്‍ത്തത്. പിഎംഎവൈ വീടുകളില്‍ വയ്ക്കുന്ന എംബ്ലങ്ങളില്‍ പ്രധാനമന്ത്രിയുടെ പടമില്ല. മോദിയുടെ പടമുളള എംബ്ലം വയ്ക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കഴിഞ്ഞ 10 വര്‍ഷം കേരളത്തില്‍ 5 ലക്ഷം വീടുകള്‍ നല്‍കിയെന്ന കണക്കാണ് നിയമസഭയില്‍ കൊടുത്തത്. ഇതില്‍ ലൈഫ് മിഷന്‍ നല്‍കിയ 1.60 ലക്ഷം വീടുകള്‍ പിഎംഎവൈ പദ്ധതി പ്രകാരം നിര്‍മ്മിച്ചവയാണ്. നഗരമേഖലയില്‍ 1.20 ലക്ഷം വീടുകളും റൂറല്‍ മേഖലയില്‍ 38,000 വീടുകളുമാണ് നല്‍കിയത്. പിഎംഎവൈയുടെ വീടുകളിലെല്ലാം എംബ്ലമുണ്ട്. എന്നാല്‍ ആ എംബ്ലത്തില്‍ പ്രധാനമന്ത്രിയുടെ പടവുമില്ല, പേരുമില്ല. വീടുകളില്‍ എംബ്ലം വയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്. കേരളത്തില്‍ പിഎംഎവൈ പ്രകാരം നല്‍കിയ 1.60 ലക്ഷം വീടുകളില്‍ ഏതെങ്കിലും ഒന്നില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ കാണിച്ചുതന്നാല്‍ താന്‍ തെറ്റ് സമ്മതിക്കാം', എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Content Highlights: A letter accessed by Reporter reveals the LDF government's objection to displaying the branding logo of the Pradhan Mantri Awas Yojana (PMAY) scheme in Kerala