പൈതൃകം,പാരമ്പര്യം, പ്രവർത്തന മികവ്, കഴിവ്; എല്ലാംകൊണ്ടും യോഗ്യൻ; KPCC അധ്യക്ഷനാക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

ഇത്തവണത്തെ കെപിസിസി പ്രസിഡന്റ് പരിഗണനയില്‍ ജാതി സമവാക്യം ഒഴിച്ചുനിര്‍ത്തി യോഗ്യത മാനദണ്ഡം ആക്കണം എന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പൈതൃകം,പാരമ്പര്യം, പ്രവർത്തന മികവ്, കഴിവ്; എല്ലാംകൊണ്ടും യോഗ്യൻ; KPCC അധ്യക്ഷനാക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
dot image

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും. ഹൈക്കമാന്‍ഡ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. 1978 മുതലുള്ള തന്റെ പ്രവര്‍ത്തന പാരമ്പര്യം പരിഗണിക്കണമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്. ജാതി സമവാക്യങ്ങള്‍ നോക്കി അധ്യക്ഷനെ തിരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.

'ഒരുകാലത്ത് ഞാന്‍ കെ കരുണാകരന്‍ ഗ്രൂപ്പിന്റെ ഔദ്യോഗിക വക്താവ് ആയിരുന്നു. ഈ ഗ്രൂപ്പ് ആര്‍ക്കുവേണ്ടിയാണെന്നും എന്തിനുവേണ്ടിയാണെന്നും എനിക്ക് നന്നായിട്ട് അറിയാം. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തകര്‍ത്തത് അമിതമായ ഗ്രൂപ്പ് മത്സരങ്ങളാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുള്ള പേരുകളില്‍ പൈതൃകം കൊണ്ടും പാരമ്പര്യം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും കഴിവുകൊണ്ടും ആരാണ് യോഗ്യനെന്ന് അളവുകോല്‍ വെച്ച് അളക്കണം. അങ്ങനെ അളന്നാല്‍ ആ സ്ഥാനത്ത് നിന്നും എന്നെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. എനിക്ക് ഗ്രൂപ്പിന്റെ ഒരു പരിഗണനയും ആവശ്യമില്ല. ഒരു ഗ്രൂപ്പിനുവേണ്ടിയും ഞാന്‍ നില്‍ക്കില്ല. ഒരുകാലത്ത് സിഎം സ്റ്റീഫന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ ഒറേറ്റര്‍ ഞാനായിരുന്നു. അഞ്ചും ആറും പ്രാവശ്യം ഞാന്‍ പ്രസംഗിക്കാത്ത ഒരു പഞ്ചായത്ത് ഇല്ല', രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഇത്തവണത്തെ കെപിസിസി പ്രസിഡന്റ് പരിഗണനയില്‍ ജാതി സമവാക്യം ഒഴിച്ചുനിര്‍ത്തി യോഗ്യത മാനദണ്ഡം ആക്കണമെന്നാണ് തനിക്ക് ഹൈക്കമാന്റിനോട് ആവശ്യപ്പെടാനുള്ളത്. നേരിട്ട് ഇക്കാര്യം ഒരു നേതാവുമായി സംസാരിച്ചിട്ടില്ല. മെറിറ്റ് നോക്കാതെ ജാതിസമവാക്യത്തിന്റെ പേരിലാണ് പുതിയ പ്രസിഡന്റ് വരുന്നതെങ്കില്‍ ശക്തമായി താന്‍ പ്രതികരിക്കുമെന്നും അങ്ങനെ അയോഗ്യന്മാരുടെ കേന്ദ്രമാക്കി കെപിസിസി അധ്യക്ഷസ്ഥാനത്തെ മാറ്റാനാകില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Content Highlights: Congress MP Rajmohan Unnithan has expressed interest in being considered for the KPCC president's post

dot image
To advertise here,contact us
dot image