

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ രക്തസാക്ഷി ഫണ്ട് വിനിയോഗത്തില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. കൊല്ലപ്പെട്ട ഔഫ് അബ്ദുറഹ്‌മാന്റെ പേരില്‍ ഫണ്ട് പിരിച്ച് ആറ് വര്‍ഷം കഴിഞ്ഞിട്ടും സ്മാരകം സ്ഥാപിച്ചില്ലെന്നും മൊഗ്രാലിലെ മുഹമ്മദ് റഫീഖിന്റെ രക്തസാക്ഷി ഫണ്ട് എന്തിനുവേണ്ടി ഉപയോഗിച്ചു എന്നതിലും വ്യക്തതയില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കാസര്‍കോട്, ഉദുമ, നീലേശ്വരം, ചെറുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റികളാണ് വിമര്‍ശനം ഉന്നയിച്ചത്.
രക്തസാക്ഷി ഫണ്ടുകളുടെ കണക്കുകള്‍ അവതരിപ്പിച്ചില്ലെന്നും പൊതുചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഇതിന് പുറമേ മുമ്പ് ഉണ്ടായ ഫണ്ട് തിരിമറിയില്‍ കൃത്യമായ നടപടി ഉണ്ടായില്ലെന്നും വാദങ്ങളുണ്ടായി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഫണ്ടില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെയുള്ള നടപടി ശാസനയില്‍ ഒതുക്കിയെന്നും വിഷയത്തില്‍ ഓഫീസ് സെക്രട്ടറിയെ രക്തസാക്ഷിയാക്കി എന്നും വിമര്‍ശനം ഉയർന്നു.
ഡിവൈഎഫ്‌ഐയുടെ ജില്ലാ സമ്മേളനം പടുപ്പില്‍ വച്ച് ഇന്നലെയും ഇന്നുമായി നടക്കുകയാണ്. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിയാണ് ഔഫ് അബ്ദുറഹ്‌മാന്‍. 2020ലാണ് കൊല്ലപ്പെട്ടത്. 2008ലാണ് മൊഗ്രാലില്‍ മുഹമ്മദ് റഫീഖിനെ ലഹരിസംഘം കൊലപ്പെടുത്തിയത്. ഈ രണ്ടുപേരുടെ പേരിലും രക്തസാക്ഷി ഫണ്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി തന്നെ നേരിട്ട് പിരിച്ചിരുന്നു. എന്നാല്‍ ഫണ്ടില്‍ ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ലെന്നാണ് സമ്മേളനത്തില്‍ ഉയര്‍ന്ന പ്രധാനപ്പെട്ട ആരോപണം.
ഔഫ് കൊല്ലപ്പെട്ട് ആറ് വര്‍ഷം പിന്നിടുമ്പോള്‍ ഒരു സ്മാരകം പോലും സ്ഥാപിച്ചില്ലെന്നും കുടുംബത്തിന് ആദ്യഘട്ടത്തില്‍ നല്‍കിയ സഹായമല്ലാതെ ബാക്കി പിരിച്ച ഫണ്ട് എന്ത് ചെയ്തുവെന്നാണ് ചോദ്യം ഉയര്‍ന്നത്. മുഹമ്മദ് റഫീഖിന്റെ കൊലപാതകം നടന്ന വര്‍ഷം തന്നെ എട്ടു ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റി പിരിച്ചിട്ടും കുടുംബത്തിന് ആദ്യ ഘട്ടത്തില്‍ നല്‍കിയ തുക മാറ്റിവെച്ചാല്‍ ബാക്കി എന്ത് ചെയ്തുവെന്ന കണക്കുകളാണ് വിവിധ ബ്ലോക്ക് കമ്മിറ്റികള്‍ ആവശ്യപ്പെട്ടത്.
Content Highlights: At the DYFI district conference in Kasaragod, delegates reportedly criticised the leadership over alleged lapses in the handling of martyr-related funds. The issue was discussed during the conference, highlighting concerns about fund management and organisational accountability