മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പിഎം ശ്രീയില്‍ കേരളം പങ്കാളി; ഉപസമിതി രൂപീകരിച്ചു: വി ഡി സതീശന്‍

ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ എന്നും വി ഡി സതീശന്‍

മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പിഎം ശ്രീയില്‍ കേരളം പങ്കാളി; ഉപസമിതി രൂപീകരിച്ചു: വി ഡി സതീശന്‍
dot image

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പിഎംശ്രീ പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നുനെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ കണ്‍വീനര്‍ ആയി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് മറ്റ് അംഗങ്ങള്‍. സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയെന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു.

'കഴിഞ്ഞ സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണ്. 99കോടി രൂപയിലധികം പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. കരിക്കുലം ഫ്രീഡത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ് ഇതുമായി ബന്ധപ്പെട്ട ആശയപരമായ എതിര്‍പ്പ്. പദ്ധതികള്‍ നടപ്പിലാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണം എന്നതാണ് മറ്റൊരു നിബന്ധന', മുഖ്യമന്ത്രി വിശദീകരിച്ചു.

'2024ല്‍ പിഎംശ്രീ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ആണ് ഒപ്പുവെച്ചത്. നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്. പിഎംശ്രീയില്‍ ഒപ്പുവെച്ച് നമ്മള്‍ പണം വാങ്ങി കഴിഞ്ഞു. സര്‍ക്കാരിനുള്ള അപകാശങ്ങള്‍ ബലി കഴിപ്പിക്കാതെ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നത്', മുഖ്യമന്ത്രി വിശദീകരിച്ചു. പിഎംശ്രീയില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒന്നിച്ചുനീങ്ങും. കേന്ദ്രത്തില്‍ നിന്നുള്ള പണം നമ്മുടെ അവകാശമല്ലേയെന്നും വി ഡി സതീശന്‍ ചോദിച്ചു. പിഎം ശ്രീയില്‍ നിന്നും പിന്മാറാന്‍ മുന്‍ സര്‍ക്കാര്‍ ഒരു കത്തും നല്‍കിയിട്ടില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു.

അധികാരത്തിലേറി ഒരുമാസം തികയും മുന്‍പ് സര്‍ക്കാരിനെതിരെ നടക്കുന്നത് വന്‍ കള്ളപ്രചരണമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നാല് വി സിമാര്‍ RSS പരിപാടിയില്‍ പങ്കെടുത്തെങ്കിലും അന്ന് ഒരക്ഷരം അദ്ദേഹം മിണ്ടിയിട്ടില്ല. പങ്കെടുത്തതില്‍ തെറ്റില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അതൊന്നും മറക്കരുതെന്നും വി ഡി സതീശന്‍ കടന്നാക്രമിച്ചു. സര്‍ക്കാര്‍ വന്നയുടന്‍ സഹകരണ സ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയെന്ന് വ്യാജപ്രചാരണം അഴിച്ചുവിട്ടുമെന്നും എന്നാല്‍ തങ്ങള്‍ ഒരു രൂപ പോലും കൂട്ടിയിട്ടില്ല. ഫെബ്രുവരിയില്‍ കഴിഞ്ഞ സര്‍ക്കാരാണ് കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയദര്‍ശനി പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഓര്‍ഡിനറി ബസ് സിറ്റി ഫാസ്റ്റ് ആക്കിയെന്നും പ്രചരണം ഉണ്ടായി. ഒറ്റ ഓര്‍ഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. പല സൗകര്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് സിറ്റി ഫാസ്റ്റ് ഓര്‍ഡിനറിയാക്കുകയാണ് ചെയ്തത്. വിപ്ലവ പദ്ധതിയുടെ തിളക്കം കുറയ്ക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: Chief Minister V D Satheesan stated that Kerala is already a participant in the PM SHRI scheme

dot image
To advertise here,contact us
dot image