സലിം കുമാർ മലയാള സിനിമയ്ക്ക് സമ്മാനിച്ച ദാർശനികമായ ചിരികൾ അനുസ്മരിച്ച് പി സി വിഷ്ണുനാഥ്

'ഓരോ സിനിമകളിലേക്കും ചെറിയൊരു കഥാപാത്രമായി എത്തി അവിടെ നിന്ന് സ്വന്തം കഥകളുടെ കെട്ടഴിച്ചു വിട്ട് സ്വയം ഒരു മഹാസാഗരമാകാൻ കഴിയുന്ന ഒരതുല്യ നടനെയാണ് നമുക്ക് നഷ്ടപ്പെട്ടത്'

സലിം കുമാർ മലയാള സിനിമയ്ക്ക് സമ്മാനിച്ച ദാർശനികമായ ചിരികൾ അനുസ്മരിച്ച് പി സി വിഷ്ണുനാഥ്
dot image

കൊച്ചി: സലിം കുമാറിൻ്റെ ചിത കത്തിയമർന്നപ്പോൾ നിറഞ്ഞ ഒരു ചിരി മാത്രം ബാക്കിയായെന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. അന്ത്യയാത്രയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഓർമ്മിച്ചത് സലിം കുമാർ മലയാള സിനിമയ്ക്ക് സമ്മാനിച്ച ദാർശനികമായ ചിരികളെക്കുറിച്ചായിരുന്നെന്നും പി സി വിഷ്ണുനാഥ് അനുസ്മരിക്കുന്നുണ്ട്. 'ഒരുപക്ഷേ വെറും ചിരിക്കപ്പുറം അധികം എഴുതപ്പെടാതെ പോയ ചില ചിരികൾ. അഗാധമെന്നും ദാർശനികമെന്നും വിശേഷിപ്പിക്കപ്പെടാവുന്ന ഒരുപാട് വാചകങ്ങളും വ്യാഖ്യാനങ്ങളും മലയാള സിനിമയ്ക്കു സലീമേട്ടൻ സമ്മാനിച്ചിട്ടുണ്ട്. അതിൽ പലതും ഒരു പൊട്ടിച്ചിരിയായി തീയറ്ററുകളിൽ അവസാനിച്ചുവെങ്കിലും അത് തമാശകൾ മാത്രമായിരുന്നില്ല, മറിച്ച് സങ്കീർണങ്ങളായ ചില സാഹിത്യസങ്കേതങ്ങളുടെ ലളിതമായ പരിപ്രേക്ഷ്യങ്ങൾ കൂടിയായിരുന്നു' എന്നും പി സി വിഷ്ണുനാഥ് കുറിച്ചിട്ടുണ്ട്.

വൺമാൻ ഷോ എന്ന ഷാഫി ചിത്രം ഓർമ്മിച്ചാണ് പി സി വിഷ്ണുനാഥിൻ്റെ അഭിപ്രായ പ്രകടനം. 'ലാലിന്റെ കഥാപാത്രത്തെ തിരക്കി കലാഭവൻ മണിയും ജയറാമും മാനസികരോഗകേന്ദ്രത്തിലെത്തുമ്പോൾ അവിടെ രോഗികളെല്ലാം പാത്രവുമായി കോമ്പൗണ്ടിന്റെ ഒരു വശത്തേക്ക് ഓടുകയാണ്. പിന്നാലെ പൊട്ടിച്ചിരിച്ച് ഒരു പാത്രവുമായി സലിം കുമാറും. കാര്യമെന്താണ് എന്നു ചോദിക്കുമ്പോൾ അപ്പുറത്ത് ബിരിയാണി കൊടുക്കുന്നുവെന്ന് താൻ കളവ് പറഞ്ഞുവെന്നും അത് കേട്ട് ആ മണ്ടൻമാർ എല്ലാം കൂടി അവിടേക്കു ഓടിയെന്നും മറുപടി. അപ്പോൾ താനെന്താണ് ഈ പാത്രവുമായി എന്നു ചോദിക്കുമ്പോൾ ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന്…
തീയറ്ററുകളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഈ തമാശ അതിനുമപ്പുറമുള്ള ഒരു ദാർശനികത മുന്നോട്ടു വെക്കുന്നുണ്ടെന്നാണ്' പി സി വിഷ്ണുനാഥ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 'അവനവൻ തീർക്കുന്ന ഒരു നറേറ്റീവ് സ്വയം വിശ്വസിച്ച് സ്വന്തം കള്ളക്കഥയുടെ തന്നെ ഇരയായി മാറുന്ന മനുഷ്യൻ. സമകാലികതയുടെ കൃത്യമായ കാഴ്ച. സാമുവൽ ബെക്കറ്റ് തന്റെ തീയറ്ററിൽ മുന്നോട്ടുവെച്ച അബ്‌സേർഡിസം എന്ന സങ്കേതത്തിന്റെ ലളിതമായ മറ്റൊരു വ്യാഖ്യാനം എന്നു നിസാരമായി വിളിക്കാവുന്നത് ഇതിലേറെ ഭംഗിയായി ആർക്ക് അവതരിപ്പിക്കാനാകും. ഗോദോയെ കാത്തിരിക്കുന്ന രണ്ടു പേരുടെ മറ്റൊരു കാഴ്ചയാണത്. നിങ്ങളീ കാണുന്ന ഞാനല്ല യഥാർഥ ഞാൻ എന്നു മറ്റൊരു സിനിമയിൽ പറയുന്ന മറ്റൊരു അയഥാർഥ കഥയുണ്ട്. എക്‌സിസ്റ്റൻഷ്യലിസത്തിന്റെ ഒരു തല കീഴായി പിടിച്ച ആഖ്യാനാനുഭവമല്ലേ അത്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന ഒറ്റ പ്രയോഗം മാത്രം കൊണ്ട് മലയാള ഭാഷയിൽ ഇടം നേടിയതും മറ്റാരുമല്ല' എന്നും കുറിപ്പിൽ പി സി വിഷ്ണുനാഥ് വ്യക്തമാക്കുന്നുണ്ട്.

ഒരു പാട് വ്യാഖ്യാനങ്ങൾക്കു വേണ്ടി തുറന്നിട്ട അർഥസമ്പുഷ്ടമായ വാക്കുകളുടെ സാഗരമായിരിക്കണം സലിം കുമാറിനെ ആക്ഷേപഹാസ്യത്തിന്റെ പുതുരൂപമായ ട്രോളുകളുടെ പൊന്നുതമ്പുരാനാക്കിയതെന്നും പി സി വിഷ്ണുനാഥ് കുറിച്ചിട്ടുണ്ട്. ഓരോ സിനിമകളിലേക്കും ചെറിയൊരു കഥാപാത്രമായി എത്തി അവിടെ നിന്ന് സ്വന്തം കഥകളുടെ കെട്ടഴിച്ചു വിട്ട് സ്വയം ഒരു മഹാസാഗരമാകാൻ കഴിയുന്ന ഒരതുല്യ നടനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അകാലത്തിൽ വന്ന രോഗാവസ്ഥയില്ലായിരുന്നുവെങ്കിൽ ഇനിയും പറയാനൊരുപാട് കഥകൾ ബാക്കിയാകുമായിരുന്നു. വിട പ്രിയ കലാകാരാ എന്ന് കുറിച്ചാണ് പി സി വിഷ്ണുനാഥ് തൻ്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

C P C Vishnunath pays tribute to actor Salim Kumar, reflecting on the philosophical humor and unforgettable performances he contributed to Malayalam cinema over the years.

dot image
To advertise here,contact us
dot image