

തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ വി പി. സഹപ്രവര്‍ത്തകന്റെ നീതിയ്ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തുന്ന ചങ്കൂറ്റത്തോടെയുളള ഇടപെടലുകള്‍ പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും അധികാരത്തിന്റെ തണലിലും പദവികളുടെ തിളക്കത്തിലും എത്രയൊക്കെ 'വെളളപൂശി' മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും ഒരു ജനതയുടെ കൂട്ടായ മനസാക്ഷിക്ക് മുന്നില്‍ ചില കറുത്ത അധ്യായങ്ങള്‍ ഒരിക്കലും മാഞ്ഞുപോകില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കേരളം കണ്ടതെന്നും ദുല്‍ഖിഫില്‍ പറഞ്ഞു. ഒരു സഹപ്രവര്‍ത്തകന്റെ ജീവന്‍ അപഹരിച്ച കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരന്‍ ഏത് ഉയര്‍ന്ന പദവിയില്‍ ഇരുന്ന് മാസ്സ് കാണിക്കാന്‍ നോക്കിയാലും അദ്ദേഹത്തെ ബഹിഷ്കരിക്കാനും ജനാധിപത്യപരമായി പ്രതിഷേധം രേഖപ്പെടുത്താനും മാധ്യമപ്രവര്‍ത്തകര്‍ കാണിച്ച ആര്‍ജ്ജവത്തിന് 'ബിഗ് സല്യൂട്ട്' നല്‍കണം എന്നും ദുല്‍ഖിഫില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. മന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ 'കെ എം ബഷീറിന്റെ കൊലയാളിയെ' ഇരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറങ്ങി. വിഷയം പൂര്‍ത്തീകരിച്ചതിന് ശേഷം സംസാരിക്കാമെന്ന് പറഞ്ഞ് മന്ത്രി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ സഹകരിക്കാന്‍ തയ്യാറായില്ല. ഇതോടെ താന്‍ ഇറങ്ങിക്കോളാം എന്ന് പറഞ്ഞ് ശ്രീറാം വെങ്കിട്ടരാമന്‍ ഇറങ്ങുകയായിരുന്നു. നിയമസഭയിലെ മീഡിയാ റൂമിലായിരുന്നു വാര്‍ത്താസമ്മേളനം നടന്നത്.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഏകപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേസില്‍ ഓഗസ്റ്റ് ഒന്നിന് വിചാരണ ആരംഭിക്കും. 2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പൊലീസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.
ദുൽഖിഫിലിന്റെ കുറിപ്പിന്റെ പൂർണ രൂപം
പദവികളുടെ 'വെള്ളപൂശൽ' നടക്കില്ല; കസേര കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്ത മാധ്യമ ചങ്കൂറ്റം!
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ നെഞ്ചോട് ചേർത്തുപിടിച്ച പ്രസ്ഥാനവും സമുദായവുമൊക്കെ അധികാര രാഷ്ട്രീയത്തിന്റെ കസേരകൾക്ക് മുൻപിൽ പതറിപ്പോയപ്പോഴും, വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകാൻ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് സാധിക്കുന്നുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. സമുദായ നേതാക്കളും പ്രസ്ഥാനങ്ങളും താല്കാലിക രാഷ്ട്രീയ സാഹചര്യങ്ങൾക്ക് മുൻപിൽ നിലപാടുകൾ മാറ്റുമ്പോൾ, തങ്ങളുടെ സഹപ്രവർത്തകന്റെ നീതിക്ക് വേണ്ടി മാധ്യമപ്രവർത്തകർ ഇപ്പോൾ നടത്തുന്ന ചങ്കൂറ്റത്തോടെയുള്ള ഇടപെടലുകൾ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണ്.
അധികാരത്തിന്റെ തണലിലും പദവികളുടെ തിളക്കത്തിലും എത്രയൊക്കെ 'വെള്ളപൂശി' മറച്ചുപിടിക്കാൻ ശ്രമിച്ചാലും, ഒരു ജനതയുടെ കൂട്ടായ മനസ്സാക്ഷിക്ക് മുന്നിൽ ചില കറുത്ത അധ്യായങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസം കേരളം കണ്ടത്. ഒരു സഹപ്രവർത്തകന്റെ ജീവൻ അപഹരിച്ച കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഉദ്യോഗസ്ഥൻ ഏത് ഉയർന്ന പദവിയിൽ ഇരുന്ന് മാസ്സ് കാണിക്കാൻ നോക്കിയാലും, അദ്ദേഹത്തെ ബഹിഷ്കരിക്കാനും ജനാധിപത്യപരമായി പ്രതിഷേധം രേഖപ്പെടുത്താനും മാധ്യമപ്രവർത്തകർ കാണിച്ച ആർജ്ജവത്തിന് ഒരു 'ബിഗ് സല്യൂട്ട്' നൽകണം.
മാധ്യമപ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ എൽഡിഎഫ് ഗവൺമെന്റ് പ്രതിയെ സംരക്ഷിക്കാൻ എങ്ങനെയൊക്കെയാണ് ക്യാപ്‌സൂളുകളും നിലപാടുകളും ഇറക്കിയതെന്ന് പൊതുസമൂഹത്തിന് നന്നായി അറിയാവുന്നതാണ്. ആ ഭരണകൂട സംരക്ഷണത്തിന്റെ ബലത്തിലാണ് അദ്ദേഹം വീണ്ടും ഉന്നത പദവികളിലേക്ക് കടന്നുവരുന്നത്. പദവികൾ കാണിച്ച് മാധ്യമ സ്വാതന്ത്ര്യത്തെയും പൊതുബോധത്തെയും വിലയ്ക്കെടുക്കാമെന്ന് മോഹിച്ച ഈ ഉദ്യോഗസ്ഥന്, മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുന്നത് ഇത് രണ്ടാം തവണയാണ്.
ഏറ്റവും രസകരമായ കാര്യം, ഇദ്ദേഹം ഈ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് ബന്ധപ്പെട്ട മന്ത്രിയുടെ പോലും അറിവോടെയോ അനുമതിയോടെയോ അല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി പദവികളുടെ ഹുങ്കിൽ മാധ്യമങ്ങളെ നേരിടാൻ ഇറങ്ങിയവർക്ക് കിട്ടിയ ഈ തിരിച്ചടി അർഹിച്ചതുതന്നെയാണ്.
ഭരണകൂടത്തിന്റെ ഒത്താശയോടെ കുറ്റവാളികളെ സംരക്ഷിക്കുന്ന തന്ത്രങ്ങൾക്കെതിരെയും, സ്വന്തം താല്പര്യങ്ങൾക്കായി വിട്ടുവീഴ്ച ചെയ്യുന്ന സമുദായ രാഷ്ട്രീയ സാഹചര്യങ്ങൾക്കെതിരെയും വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം. അധികാരത്തിന് മുന്നിൽ ഭയപ്പെടാതെയും നീതിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാതെയും പോരാടുന്ന ഇത്തരം നിലപാടുകൾ ജനാധിപത്യ പൊതുസമൂഹത്തിന് വലിയ കരുത്ത് തന്നെയാണ് നൽകുന്നത്. ജനാധിപത്യത്തിന്റെ കാവലാളായി മാധ്യമസമൂഹം നിലകൊള്ളുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ പ്രതിഷേധം.
Content Highlights: Dulkhifil Vp praises journalists as they protest against sreeram venkitaraman in press conferance