

കോഴിക്കോട്: റിലീസിനൊരുങ്ങുന്ന 'അജസുന്ദരി' സിനിമാ സംഘം വ്യാപാരികളെ കബളിപ്പിച്ചതായി ആരോപണം. ഷൂട്ടിംഗ് സംഘം പലചരക്കുസാധനങ്ങള്‍ വാങ്ങി ലക്ഷങ്ങളുടെ കുടിശ്ശിക തല്‍കാതെ പറ്റിച്ചുവെന്നാണ് കോഴിക്കോട് വിലങ്ങാടുള്ള വ്യാപാരികളുടെ ആരോപണം. ഷൂട്ടിംഗ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും പണം നല്‍കിയിട്ടില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു.
ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പ്രദേശത്ത് എത്തിയ സംഘം മൂന്ന് മാസത്തിലധികം താമസിച്ച് ചിക്കനും ബീഫും താറാവും നാടന്‍ കോഴിയും താറാവ് മുട്ടയും അടക്കം വാങ്ങിയെന്നും മുഴുവന്‍ തുകയും നല്‍കിയില്ലെന്നുമാണ് പരാതി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ബിജു കടവൂരിനെ മറ്റൊരു കക്ഷി വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന നിലയിലാണ് പ്രതികരിച്ചതെന്നും വ്യാപാരികള്‍ പറയുന്നു.
കാന്‍സര്‍ രോഗിയായ കച്ചവടക്കാരന് മസാലകള്‍ വാങ്ങിയ ഇനത്തില്‍ 47,000ത്തിലധികം രൂപ നല്‍കാനുണ്ടെന്നതിന് പുറമെ മറ്റൊരു കച്ചവടക്കാരന് പാലും തൈരും വാങ്ങിയ വകയില്‍ 42,000 രൂപയും തേങ്ങ വാങ്ങിയ വകയില്‍ 14,000 രൂപയും നല്‍കാനുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. കട പൂട്ടിയിടേണ്ട സ്ഥിതിയാണെന്നും കച്ചവടക്കാര്‍ പറയുന്നു.
മുണ്ടക്കൈ-ചൂരൽമല ഉരുള്‍പ്പൊട്ടലിന് ശേഷമാണ് അജസുന്ദരി സിനിമയുടെ സംവിധായകന്‍ മനു ആന്റണി, നടന്‍ ജോജു ജോര്‍ജ്, സംവിധായകന്‍ ആഷിഖ് അബു ടീം വിലങ്ങാട് എത്തിയത്. ഇവര്‍ ഷൂട്ടിംഗ് കഴിഞ്ഞ് പോയതിന് ശേഷമാണ് ഭീമമായ ഒരു തുക വ്യാപാരികള്‍ക്ക് കൊടുക്കാന്‍ ഉണ്ടെന്ന് അറിഞ്ഞതെന്നാണ് വ്യാപാരി വ്യവസായ ഏകോപന സമിതി അറിയിച്ചത്. തുടക്കത്തില്‍ സംഘം ഫോണ്‍ എടുക്കുമെങ്കിലും ഇപ്പോള്‍ പ്രതികരണം ഇല്ലെന്നും സമിതി വ്യക്തമാക്കി. ഇന്ന് പൊലീസിനെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
അതേസമയം കൊടുക്കാനുള്ള പണം കരാറുകാരന്റെ പക്കല്‍ ഉണ്ടെന്നും രണ്ടുമാസമായി കരാറുകാരനെ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കിട്ടുന്നില്ലെന്നും സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു. തുടര്‍ന്ന് ഇന്നലെ പൊലീസില്‍ പരാതി നല്‍കിയെന്നും ഉടന്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ആഷിഖ് അബു പറഞ്ഞു. 'നേരിട്ട് കൊടുക്കാനുള്ള പണമില്ല. കരാറുകാര്‍ക്ക് കൊടുക്കാറാണ് പതിവ്. കരാറുകാരനാണ് പണം കൊടുക്കേണ്ടത്. രണ്ടുമാസമായി കരാറുകാരന്റെ പിറകെയാണ്, അയാളെ കണ്ടുകിട്ടുന്നില്ല. ഫോണ്‍ എടുക്കുന്നില്ല. കഴിഞ്ഞ ദിവസമാണ് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. ഇടപെട്ടിട്ടുണ്ട്. പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. വ്യാപാരികളുടെ ആവശ്യം ന്യായമാണ്. ആ നാട്ടുകാര്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തുതന്നിട്ടുണ്ട്. പ്രിയപ്പെട്ട നാട്ടുകാരാണ്. കരാറുകാരന്റെ കയ്യില്‍ പണമുണ്ട്. ഇന്നലെ പൊലീസില്‍ പരാതി നല്‍കി. ഉടന്‍ പരിഹരിക്കും', എന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ജോജു ജോര്‍ജ്, ലിജോമോള്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങാനിരിക്കുന്ന ചലച്ചിത്രമാണ് അജസുന്ദരി.
Content Highlights: team behind the upcoming film 'Ajasundari' has been accused of cheating traders in Vilangad