

തിരുവനന്തപുരം: എസ്ഡിപിഐ നേതാവുമൊത്തുള്ള പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ സന്ദര്‍ശനത്തിന്റെ വീഡിയോ വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. എ വിജയരാഘവനെതിരായ വ്യക്തിഹത്യ അപലപനീയമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഗഫൂര്‍ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് വിജയരാഘവന്‍ പങ്കെടുത്തത്. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയില്‍ എസ്ഡിപിഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവന്‍ സമീപത്തെ ഹാളില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. വസ്തുതകള്‍ അന്വേഷിക്കാതെ ചില ചാനലുകള്‍ ഇത് വാര്‍ത്തയാക്കിയെന്നാണ് സെക്രട്ടറിയേറ്റിന്റെ വിശദീകരണം.
'പാര്‍ട്ടി നേതാക്കളെ തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂര്‍വ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ശ്രമങ്ങള്‍. മതതീവ്രവാദ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന രാഷ്ട്രീയ നേതാവാണ് വിജയരാഘവന്‍. മതിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ സംഘപരിവാറും മുസ്‌ലിം മതതീവ്രവാദ സംഘടനകളും ഒരേ സമയം അദ്ദേഹത്തെ കടന്നാക്രമിക്കാറുണ്ട്. അതിനെ പ്രതിരോധിച്ചാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. അടിസ്ഥാനരഹിത ആരോപണങ്ങളുയര്‍ത്തി വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ പാര്‍ട്ടി അവജ്ഞയോടെ തള്ളിക്കളയുന്നു', ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. വാര്‍ത്ത തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വീഡിയോ വിവാദത്തിലായതിനെ പിന്നാലെ വിശദീകരണവുമായി എസ്ഡിപിഐ നേതാവും രംഗത്തെത്തിയിരുന്നു. സൗഹൃദ കൂടിക്കാഴ്ച്ച മാത്രമാണ് നടന്നതെന്നാണ് എസ്ഡിപിഐ നേതാവ് ഷാഫിയുടെ വിശദീകരണം. 'തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് കൂടിക്കാഴ്ച നടന്നത്. കോഴിക്കോട് ടൗണിന്റെ നടുക്കുള്ള വീട്ടില്‍ ഞാനും എന്റെ സുഹൃത്തുക്കളും ഒത്തുകൂടിയതാണ്. അപ്രതീക്ഷിതമായി വിജയരാഘവന്‍ കോഴിക്കോട് ഉണ്ടെന്നറിഞ്ഞു, അദ്ദേഹം ഭക്ഷണം കഴിക്കാതെ പോകരുതെന്ന് എന്റെ സുഹൃത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവിടെ വന്നു. ഭക്ഷണം വന്നു. കരോക്കെയുണ്ട്. പാട്ടിന്റെ സൂക്കേട് ഉള്ള ആളുകളാണ്. പത്ത് മിനിറ്റില്‍ ഭക്ഷണം കഴിച്ചു. ഫോട്ടോയെടുത്തു. അവിടെ വന്നു ഭക്ഷണം കഴിച്ചത് മാരകമായ തെറ്റാണോ?' എന്നാണ് ഷാഫി ചോദിച്ചത്.
എസ്ഡിപിഐ തിരൂര്‍ മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ഷാഫിയ്ക്കൊപ്പമുള്ള വീഡിയോയാണ് പുറത്ത് വന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസമായിരുന്നു കൂടിക്കാഴ്ച. ഷാഫിയും സുഹൃത്തുകളും പാട്ടുപാടുന്നതും വിജയരാഘവന്‍ ഭക്ഷണം കഴിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എസ്ഡിപിഐ നേതാവുമായുളള വിജയരാഘവന്റെ ബന്ധം എന്താണെന്നാണ് സിപിഐഎം അണികള്‍ ചോദിക്കുന്നത്.
Content Highlights: Malappuram CPIM secretariat explained A Vijayaraghavan SDPI leader visit controversy