രമേശ്‌ ചെന്നിത്തല മുതിർന്ന നേതാവ്, ഭരണ മികവിന് അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം: ബിന്ദു കൃഷ്ണ

പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിർത്തുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു

രമേശ്‌ ചെന്നിത്തല മുതിർന്ന നേതാവ്, ഭരണ മികവിന് അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം: ബിന്ദു കൃഷ്ണ
dot image

തിരുവനന്തപുരം: രമേശ്‌ ചെന്നിത്തല മുതിർന്ന നേതാവാണെന്നും ഭരണ മികവിന് മന്ത്രിസഭയിൽ ഉണ്ടാകണമെന്നും നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണ റിപ്പോർട്ടറിനോട്. അതിനുള്ള കഴിവും ഭരണ പരിചയവും അദ്ദേഹത്തിന് ഉണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിർത്തുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ഇത്തവണത്തെ മന്ത്രിസഭയിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. ഏറ്റവും കൂടുതൽ വനിതകൾ ജയിച്ചുവന്ന അവസരമാണിത്. സ്ത്രീശാക്തീകരണം കാലഘട്ടത്തിന്റെ കൂടി അനിവാര്യമാണെന്നും പാർട്ടി ഉചിതമായി തീരുമാനം എടുക്കുമെന്ന് കരുതുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനത്തിനനുസരിച്ച് മുന്നോട്ടു പോകും. പാർട്ടി നേതൃത്വം സംസാരിച്ചിട്ടില്ല. മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ ചുമതല ഏറ്റെടുക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

അതേസമയം വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല വേണമെന്ന് ആർഎസ്പി നേതാവും നിയുക്ത എംഎൽഎയുമായ ഷിബു ബേബി ജോണും പറഞ്ഞു. വിഷമം എല്ലാം മാറ്റിവെച്ച് അദ്ദേഹം തോളോട് തോൾ ചേർന്ന് തങ്ങൾക്കൊപ്പം ഉണ്ടാകും. തങ്ങളെ നയിക്കും. രമേശ് ചെന്നിത്തല അച്ചടക്കമുള്ള കോൺ​ഗ്രസുകാരൻ ആണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ലേബർ കോഡ് വന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ് ചെറിയ വകുപ്പായി മാറി. ഒരു കാലഘട്ടത്തിൽ വളരെ പ്രധാന്യം ഉള്ള വകുപ്പ് ആയിരുന്നു തൊഴിൽ വകുപ്പ്. ആ സാ​ഹചര്യം മാറി. അതുകൊണ്ടാണ് എൽഡിഎഫും വിദ്യാഭ്യാസ വകുപ്പിനൊപ്പം തൊഴിൽ വകുപ്പും കൊടുത്തത്. പാർട്ടി കമ്മിറ്റി കൂടി ഏത് വകുപ്പ് ആവശ്യപ്പെടണം എന്ന് തീരുമാനിക്കും. തങ്ങൾ ഒരു മന്ത്രി സ്ഥാനം മാത്രമേ ചോദിച്ചിട്ടുള്ളൂ. 21 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

മുസ്‌ലിം ലീഗ് ഈ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ്. അവരുടെ അടുത്ത് അഭിപ്രായം ചോദിച്ചാൽ അവർ അഭിപ്രായം പറയും. ലീഗിൻ്റെ മുന്നിൽ മുസ്‌ലിം എന്നുള്ളത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അങ്ങനെ ഒരു അജണ്ട ഈ നാട്ടിൽ സെറ്റ് ചെയ്തത് എൽഡിഎഫ് ആണെന്നും അങ്ങനെ ഒരു അജണ്ട അന്തരീക്ഷത്തിൽ നിൽകുന്നത് കൊണ്ടാണ് മുസ്‌ലിം ലീഗിനെതിരെ കൂടുതൽ പ്രസ്താവനകൾ വരുന്നതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

Content Highlight : Ramesh Chennila is a senior leader, he should be in the cabinet for his administrative excellence; Bindu Krishna

dot image
To advertise here,contact us
dot image