

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. ടി കെ ഗോവിന്ദനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും പാര്‍ട്ടി വിടുമെന്നത് മുന്‍കൂട്ടി കാണാനോ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനോ കഴിഞ്ഞില്ലെന്നുമാണ് ഉയര്‍ന്ന വിമര്‍ശനം.
പോകുന്നവര്‍ പോകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. പയ്യന്നൂരിലെ അമിത ആത്മവിശ്വാസം പാര്‍ട്ടിക്ക് തിരിച്ചടിയായി. വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. ഭരണ സുഖസൗകര്യങ്ങള്‍ ഒരു വിഭാഗത്തിന് ആഹ്ളാദം നല്‍കിയെന്നും വിമര്‍ശനം ഉയര്‍ന്നു. ഒരു വിഭാഗം ജനങ്ങള്‍ സര്‍ക്കാറിന്റെ ഗുണഭോക്താക്കളായി, മറുവിഭാഗം അകന്നു. പാര്‍ട്ടിയില്‍ നിന്നോ സര്‍ക്കാറില്‍ നിന്നോ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ജനങ്ങളെ പ്രതിനിധീകരിച്ചില്ലെന്നും അതിനാല്‍ തന്നെ അവര്‍ അസ്വസ്ഥരായെന്നും ആരോപണം ഉയര്‍ന്നു.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. റീൽസ് പ്രചരണത്തിലാണ് ചിലർക്ക് താൽപര്യമെന്നും ചിലരുടെ ഫോട്ടോകളും വീഡിയോകളും മാത്രം സ്റ്റാറ്റസ് വെയ്ക്കുന്നതാണ് അവർക്ക് രാഷ്ട്രീയ പ്രവർത്തനമെന്നും ആരോപണമുയർന്നു. ബാലുശേരിയിലും കൊയിലാണ്ടിയും സ്ഥാനാർത്ഥി നിർണയം പാളി. സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ സെക്രട്ടറി കടുംപിടുത്തം നടത്തി. പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായി വിജയനെ നിയോഗിച്ചതിലും വിമർശനമുണ്ടായി.
സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ വിമര്‍ശനം ഉയർന്നിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം തെറ്റെന്നായിരുന്നു വിമര്‍ശനം.
പാര്‍ട്ടിക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിഗണന ലഭിച്ചിരുന്നില്ല. പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയെ അല്ല, കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുന്നില്ല. തോറ്റിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം ശരിയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍ മന്ത്രികൂടിയായ വീണാ ജോര്‍ജ്ജിനെ ഇരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, സി എസ് സുജാത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.
പിണറായി വിജയൻ ഇളവുനേടിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്. പാർട്ടിയെ വിജയിപ്പിക്കുക എന്ന ചുമതല ആയിരുന്നു അപ്പോൾ ഏൽപിച്ചിരുന്നത്. എന്നാൽ പാർട്ടിയെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. ഈ ഘട്ടത്തിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പുതിയ സ്ഥാനത്തെത്തുന്നുവെന്നാണ് വിമർശനം ഉയർന്നിട്ടുള്ളത്. പിണറായി ഈ തീരുമാനം സ്വയം പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത രണ്ടുപേർ ഉന്നയിച്ചിരുന്നു.
Content Highlights: CPIM Kannur district secretariat against pinarayi vijayan and mv govindan