

തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കിയില്ലെന്ന് കാണിച്ച് മഹിളാ മോര്‍ച്ച നടത്തിയ സമരം മണ്ടത്തരമെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ് നടന്ന സമരം മണ്ടത്തരമെന്നാണ് ഉയര്‍ന്ന വിമര്‍ശനം.
സമരം നടത്താന്‍ തീരുമാനമെടുത്തതില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിനെ ഉന്നമിട്ടായിരുന്നു കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നത്. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി സി ജോര്‍ജ്, പത്മജ വേണുഗോപാല്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍, സമരത്തെക്കുറിച്ച് അറിവില്ലെന്ന നിലപാടിലായിരുന്നു ബിജെപി സംസ്ഥാനന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി പ്രതിഷേധിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു പ്രതിഷേധം. പതിനഞ്ചാം തീയതി മുതല്‍ സൗജന്യ യാത്ര എന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനമെന്നും എന്നാല്‍ അത് നടപ്പിലാക്കിയില്ലെന്നുമാണ് മഹിളാമോര്‍ച്ച നേതാവ് നവ്യ ഹരിദാസ് പറഞ്ഞത്. സത്യപ്രതിജ്ഞ വൈകിയത് തങ്ങളുടെ കുറ്റമല്ല. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളില്‍ സൗജന്യ യാത്ര നടപ്പാക്കി തുടങ്ങി. സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്നും നവ്യ ഹരിദാസ് പറഞ്ഞിരുന്നു.
എന്നാല്‍ സൗജന്യ ടിക്കറ്റ് നല്‍കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നായിരുന്നു കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതികരണം. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയില്‍ പ്രതിഷേധിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വനിതാ കണ്ടക്ടര്‍ സൗജന്യ ടിക്കറ്റും നല്‍കി. ഇതിന് പകരമായി സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കുമെന്ന് കണ്ടക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് വരാതെ സൗജന്യ ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നും കണ്ടക്ടര്‍ പറഞ്ഞു. അതിനിടെ കൊല്ലത്ത് ബസില്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാസര്‍കോട്ടും കോഴിക്കോടും പ്രതിഷേധം സമാധാനപൂര്‍ണമായിരുന്നു.
പിന്നാലെ ബിജെപിയുടെ പ്രതിഷേധത്തിനെതിരെ വ്യാപക വിമര്‍ശനവും പരിഹാസവും ഉയര്‍ന്നു.'സമയം ഒരുപാട് വൈകിപ്പോയി, അല്‍പം കൂടി നേരത്തേ ആക്കാമായിരുന്നില്ലേ' എന്നാണ് പലരും ചോദിച്ചത്. ആദ്യം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിയട്ടെയെന്നും മന്ത്രിസഭ രൂപീകരിച്ച ശേഷം പ്രതിഷേധിക്കാമെന്നും പലരും പ്രതികരിച്ചു.
Content Highlights: bjp against mahila morcha strike on ksrtc free trip