NDAയിലേക്ക് പോകണമെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരു വിഭാഗം

അര്‍ഹമായ പരിഗണന കിട്ടിയാല്‍ പോകുന്നതില്‍ തെറ്റില്ലെന്ന് ഒരു വിഭാഗം

NDAയിലേക്ക് പോകണമെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരു വിഭാഗം
dot image

കോട്ടയം: എന്‍ഡിഎയിലേക്ക് പോകണമെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. യുഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണ് ആവശ്യം. കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് നിര്‍ദ്ദേശം വന്നത്. മലബാര്‍ മേഖലയില്‍ നിന്നും സമാനാഭിപ്രായം ഉയര്‍ന്നു. മറ്റൊരു മുന്നണിയിലേക്ക് സാധ്യതയുണ്ടെങ്കില്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. അര്‍ഹമായ പരിഗണന കിട്ടിയാല്‍ പോകുന്നതില്‍ തെറ്റില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

ശനിയാഴ്ചയായിരുന്നു കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്നത്. യോഗത്തില്‍ പിണറായി വിജയനും സിപിഐഎമ്മിനും എല്‍ഡിഎഫ് നേതാക്കള്‍ക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തോല്‍വിയുടെ കാരണം പിണറായി വിജയനാണെന്നാണ് നേതാക്കള്‍ പറഞ്ഞത്. ഇനിയും പിണറായി വിജയന്‍ തന്നെ നയിച്ച് മുന്നോട്ട് പോയാല്‍ കനത്ത തിരിച്ചടി ഉണ്ടാകും. ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് പോകും. സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് നല്ലതാകുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. സിപിഐഎം അണികള്‍ വ്യാപകമായി ക്രോസ് വോട്ട് ചെയ്തുവെന്നും നേതാക്കള്‍ പറഞ്ഞു. സാധാരണ ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. കേരള കോണ്‍ഗ്രസ് എം ഒറ്റയ്ക്ക് നില്‍ക്കണമെന്ന അഭിപ്രായവും ചില നേതാക്കള്‍ ഉയര്‍ത്തി. ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

യോഗത്തില്‍ മുന്‍ എംഎല്‍എമാരായ റോഷി അഗസ്റ്റിനും പ്രമോദ് നാരായണിനുമെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് എമ്മില്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഫേസ്ബുക്കില്‍ 'തുടരും' പോസ്റ്റിട്ടത് ശരിയായില്ലെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. ചില എംഎല്‍എമാര്‍ അത്തരത്തില്‍ പോസ്റ്റിട്ടത് അവമതിപ്പുണ്ടാക്കി. ഇത് മറ്റ് എംഎല്‍എമാരെയും മത്സരിച്ച സ്ഥാനാര്‍ത്ഥികളെയും പൊതുജനം സംശയിക്കുന്നതിന് കാരണമായെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

Content Highlights- A faction within the Kerala Congress M steering committee reportedly raised a demand to align with the NDA during internal party discussions

dot image
To advertise here,contact us
dot image