

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിക്കായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ കെസി വേണുഗോപാലിനെന്ന് വ്യക്തമാകുന്ന ലിസ്റ്റ് പുറത്ത്. എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് പുറത്തുവന്നത്.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ചിത്രം പുറത്തുവിട്ടത്. സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി ഒ മോഹനന്‍, ഉഷ വിജയന്‍, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പിന്തുണ കെ സിക്കാണ്. ഐസി ബാലകൃഷ്ണന്‍ കെസിയെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍ എന്നിവര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നിലവില്‍ ഭൂരിപക്ഷ എംഎല്‍എമാരുടെയും പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന്‍ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.
Content Highlights: List out showing Sunny Joseph's support for KC Venugopal as cm