

കണ്ണൂർ: തെരഞ്ഞെടുപ്പ് വിജയത്തിന് പയ്യന്നൂരിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ. ഒരു പോരാട്ടത്തിന്റെ ഭാഗമായാണ് താൻ മത്സരരംഗത്തേക്ക് വന്നതെന്നും ജനം വലിയ സ്വീകാര്യതയാണ് തന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
നേതൃത്വത്തെ അണികൾ തിരുത്തണം എന്നാണ് തന്റെ പുസ്തകത്തിന്റെ പേരെന്നും അതിന് പയ്യന്നൂരിലെ ജനങ്ങൾ തയ്യാറായി എന്നതാണ് തന്റെ വിജയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പിന്തുണയും ഇടതുപക്ഷത്ത് താൻ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പിന്തുണയും കൂടിച്ചേർന്നതോടെയാണ് വിജയിച്ചതെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിച്ച് മുന്നോട്ടുപോകുമെന്നും വലിയ ഭൂരിപക്ഷത്തോടെ തന്നെ വിജയിപ്പിച്ച പയ്യന്നൂർ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു വി കുഞ്ഞികൃഷ്ണന്റെ പ്രതികരണം.
'എന്റെ പുസ്തകത്തിന് നല്‍കിയ പേര് 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്നാണ്. അതിന് പയ്യന്നൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ തയ്യാറായി എന്നതാണ് ഈ വിജയത്തിലൂടെ കാണാന്‍ സാധിക്കുന്നത്. ഐക്യജനാധിപത്യ മുന്നണി എന്നെ പിന്തുണയ്ക്കാന്‍ തയ്യാറായി. ഇടതുപക്ഷ മുന്നണിക്കകത്ത് ഞാന്‍ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്നെ പിന്തുണയ്ക്കുന്നവരുമുണ്ട്. ഈ രണ്ട് ഘടകങ്ങളും കൂടിച്ചേര്‍ന്നതാണ് എന്റെ വിജയം. യുഡിഎഫിന്റെയും ലീഗിന്റെയും നേതാക്കന്മാർ പയ്യന്നൂരിലെത്തി സഹായിച്ചു. ഈ കൂട്ടായ്മയുടെ വിജയമാണിത്. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ച് മുന്നോട്ടുപോകാന്‍ കഴിയും. അതിന് സന്നദ്ധനാണ്. എനിക്ക് വോട്ടുചെയ്ത് വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച പയ്യന്നൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നു'- വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
താന്‍ സിപിഎമ്മിനകത്ത് പോരാട്ടം നടത്തിയാണ് പുറത്തുവന്നത്. തെറ്റ് തിരുത്തണമെന്നാണ് ആവശ്യപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുളളിലെ അപചയങ്ങള്‍ ഇല്ലാതാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ആ തെറ്റ് തിരുത്തിക്കുന്നതിനായുളള അണികളുടെ വികാരമാണ് ഈ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതിഫലിച്ചതെന്നും കേരളത്തിലെ സിപിഐഎം നേതൃത്വം തിരുത്തല്‍ വരുത്തേണ്ട കാര്യത്തില്‍ തിരുത്തല്‍ വരുത്തി മുന്നോട്ടുപോകണം. ഈ വിധി അവരെ അതിന് പ്രേരിപ്പിക്കുമെന്നും വി കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തില്‍ പ്രധാന ഇടതുകോട്ടകളെല്ലാം തകര്‍ന്നടിഞ്ഞു. ചരിത്രത്തില്‍ ഇതുവരെ സിപിഐഎം പരാജയം കണ്ടിട്ടില്ലാത്ത പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന്‍ വിജയിച്ചു. സിപിഐഎം സ്ഥാനാര്‍ത്ഥി ടി കെ മധുസൂദനനെ 7487 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കുഞ്ഞികൃഷ്ണന്റെ ജയം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ടി കെ മധുസൂദനനായിരുന്നു ലീഡ്. എന്നാല്‍ റൗണ്ടുകള്‍ പുരോഗമിക്കവെ മധുസൂദനന്റെ ലീഡ് കുറയുകയും എട്ടാം റൗണ്ട് മുതല്‍ കുഞ്ഞികൃഷ്ണന്‍ ലീഡെടുക്കുകയുമായിരുന്നു. 14 റൗണ്ടും എണ്ണിക്കഴിയുമ്പോഴേക്കും കൃത്യമായ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു. വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമാണ് പയ്യന്നൂരില്‍ സിപിഐഎമ്മിന് വിനയായത്. മധുസൂദനനെ മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചതോടെയാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.
Content Highlights: People of Payyannur Currected the Leadership says V Kunjikrishnan