

കണ്ണൂര്‍: ജാതി വ്യവസ്ഥ അരക്കിട്ടുറപ്പിച്ച നാടായിരുന്നു കേരളമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജന്മിത്ത ആശയങ്ങള്‍ ഇപ്പോഴും കേരളത്തില്‍ അവസാനിച്ചിട്ടില്ലെന്നും ജാതി അധിക്ഷേപം നടത്തുന്ന വിഷ ജീവികളെ തിരുത്താന്‍ കഴിയുന്നില്ലെങ്കില്‍ മുന്നോട്ടുപോകാന്‍ ആവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജാതിയില്ലാത്ത സമൂഹത്തെയാണ് നാരായണ ഗുരു സ്വപ്‌നം കണ്ടതെന്നും ജാതി വ്യവസ്ഥിതിയെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് സിപിഐഎം നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ തറക്കല്ലിടലും നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സനാതന ധര്‍മ്മത്തെക്കുറിച്ചും ആര്‍ഷഭാരത സംസ്‌കാരത്തെക്കുറിച്ചും ഇപ്പോഴും പറയുന്നവരുണ്ട്. തെക്കന്‍ കേരളത്തില്‍ ദാര്‍ശനികമായി ഇതിനെ നിഷേധിച്ചത് അയ്യങ്കാളിയായിരുന്നു. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു ദളിതര്‍. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലം. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ ഒരു ജനതയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഇതാണോ ആര്‍ഷഭാരത സംസ്‌കാരം. ഇത് ഇപ്പോഴും വേണമെന്നാണ് ചിലര്‍ വാദിക്കുന്നത്. മനുസ്മൃതിയാണ് ഇതിനെല്ലാം ആധാരം. ജാതിയില്ലാത്ത സമൂഹമാണ് നാരായണഗുരു സ്വപ്‌നം കണ്ടത്. ജാതി വ്യവസ്ഥിതിയെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണം': എം വി ഗോവിന്ദന്‍ പറഞ്ഞു.
നിതിന്‍ രാജ് ജാതി പീഡനം ഏറ്റുവാങ്ങിയത് സമൂഹ മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കാന്‍ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാസത്തിനുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും താനും പട്ടികജാതിക്കാരന്‍ ആണെന്ന് വരുത്തി തീര്‍ക്കാനാണ് വകുപ്പ് മേധാവി എം കെ റാം ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോടതി അത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് ജാമ്യം നിഷേധിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എം കെ റാമിനെ അറസ്റ്റ് ചെയ്യണമെന്നുളള കാര്യത്തില്‍ തര്‍ക്കമില്ലെന്നും റാമിനെ അറസ്റ്റ് ചെയ്യുക തന്നെ വേണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: We cannot move forward without correcting the poisonous creatures who abuse caste; MV Govindan